ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് അഭിപ്രായ സര്‍വ്വേ. ഇന്ത്യടിവി-സിഎന്‍എക്സ് 2019 അഭിപ്രായ സര്‍വ്വേയില്‍ ആണ് ഇക്കാര്യം പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകള്‍ വേണമെന്നിരിക്കേ എന്‍ഡിഎയിലെ എല്ലാ ഘടകക്ഷികള്‍ക്കും കൂടി 257 സീറ്റുകള്‍ ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിനും 15 സീറ്റ് കുറവാണിത്. ഡിസംബര്‍ 15നും 25നും ഇടയില്‍ രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലായി നടത്തിയ സര്‍വ്വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വിടുന്നത്. അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കേരളത്തില്‍ യുഡിഎഫ് നേട്ടം കൊയ്യുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ ഫലം പ്രവചിക്കുന്നു. ആകെയുള്ള ഇരുപത് സീറ്റില്‍ പന്ത്രണ്ടും യുഡിഎഫ് ജയിക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുനത്. കോണ്‍ഗ്രസ് എട്ട് സീറ്റുകളും മുസ്ലീം ലീഗ് രണ്ട് സീറ്റുകളും ജയിക്കും. കേരള കോണ്‍ഗ്രസ് എം, ആര്‍എസ്പി എന്നീ യുഡിഎഫ് ഘടകക്ഷികള്‍ ഒരോ സീറ്റ് വീതം ജയിക്കും. ബിജെപി ഒരു സീറ്റും രണ്ട് സ്വതന്ത്രര്‍ ഓരോ സീറ്റുകളും ജയിക്കും. സിപിഎമ്മിന് അഞ്ച് സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്.
Comments