You are Here : Home / News Plus

റഫാല്‍;സി.എ.ജി റിപ്പോര്‍ട്ട് നാളെ സമര്‍പ്പിച്ചേക്കും

Text Size  

Story Dated: Sunday, February 10, 2019 08:51 hrs UTC

ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ റഫാല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരു പോലെ നിര്‍ണ്ണായകമാണ്.

ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറായെന്ന് സി.എ.ജി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് നാളെ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നത്.

രാഷ്ട്രപതിക്ക് കൈമാറുന്ന ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉടന്‍ ലോക്സഭ സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാന്‍ എന്നിവരുടെ കൈകളിലെത്തും. നടപ്പു സമ്മേളനത്തിന്റെ അവസാന ദിനമായ ബുധനാഴ്ച സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

'എയര്‍ അക്യുസസിഷന്‍' അഥവാ 'വ്യോമ മേഖലയിലെ ഏറ്റെടുക്കലുകള്‍' എന്ന തലക്കെട്ടോടെയുള്ള അധ്യായത്തിലാണ് റഫാല്‍ ഇടപാടിനെ കുറിച്ച്‌ പ്രതിപാദിക്കുന്നത്. പാര്‍ലമെന്റിനും അതുവഴി പൊതു ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന റിപ്പോര്‍ട്ടില്‍ വിമാന വില സംബന്ധിച്ച്‌ പരാമര്‍ശമുണ്ടാകില്ലെന്നാണ് വിവരം. പ്രതിരോധ മന്ത്രാലയത്തിനുള്ള കോപ്പികളില്‍ മാത്രം ഇക്കാര്യം വ്യക്തമാക്കും. പിന്നീട് സി.എ.ജി അഥവാ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആവശ്യപ്പെട്ടാല്‍ വില വിവരം നല്‍കാനാണ് സി.എ.ജി ആലോചന.

അതേസമയം റഫാല്‍ കേസില്‍ സി.എ.ജി റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ചെന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് വിവാദമായിരുന്നു. ഈ പരാമര്‍ശം വ്യാകരണ പിശകാണെന്നും അതു തിരുത്തണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയോട് പിന്നീട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.