ദില്ലിയിലെ കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിനിടെ കാണാതായ മൂന്ന് മലയാളികളും മരിച്ചതായി സ്ഥിരീകരണം. നളിനാക്ഷിയമ്മ, മകന്‍ വിദ്യാസാഗർ, മകള്‍ ജയശ്രീ എന്നിവരാണ് മരിച്ചത്. അപകടത്തിനിടെ മൂന്ന് പേരെയും കാണാതായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് ഇവര്‍. കേരളത്തില്‍നിന്നുള്ള 13 അംഗ സംഘമായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നത്. 10 പേരെ രക്ഷപ്പെടുത്തി. ആകെ 17 പേരാണ് അപകടത്തില്‍ മരിച്ചത്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തില്‍ അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു. അപകടത്തില്‍ മജിസ്ടീരിയല്‍ അന്വേഷണത്തിന് ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടു. ഹോട്ടല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
Comments