ജമ്മു കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിനൊപ്പമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
മൂന്ന് മണിയോടെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലാണ് ഭീകരര്‍ സ്‌ഫോടനം നടത്തിയത്. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ മരണസംഖ്യ മുപ്പതായി. 45 ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.
അപകട സമയത്ത് 70 വാഹനങ്ങളിലായി 2500 ലേറെ സൈനികരുണ്ടായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വെടിവയ്പ്പു നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശം സൈനികര്‍ വളഞ്ഞിരിക്കുകയാണ്. രക്ഷപ്പെട്ട ഭീകരര്‍ക്കു വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി.
Comments