ഭീകരാക്രമണത്തിന് ശേഷം വ്യാപകമായി ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് ജമ്മുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 സി ആര്‍ പി എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജമ്മുവില്‍ അക്രമം പൊട്ടി പുറപ്പെട്ടത്.
പാകിസ്ഥാന്‍ വിരുദ്ധ പ്രകടനങ്ങളാണ് ജമ്മു സിറ്റിയില്‍ പ്രധാനമായും നടക്കുന്നത്. ഇതുവരെ ഉണ്ടായ അക്രമസംഭവങ്ങളില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. കല്ലേറിനെ തുടര്‍ന്ന് ഗുജ്ജര്‍ നഗറില്‍ ചില വാഹനങ്ങള്‍ക്കും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായി.
അതിനിടെ ക്രമസമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍മി ജമ്മുവില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. എന്നാല്‍, നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്ന് ആര്‍മി വിളിച്ചുപറഞ്ഞിട്ടും സമരാനുകൂലികള്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ല. ഇത് ഗുരുതര ക്രമസമാധാന പ്രശ്‌നമാണ് സൈന്യത്തിന് സൃഷ്ട്ടിക്കുന്നത്.
അതേസമയം, മുന്‍കരുതലിന്റെ ഭാഗമായാണ് ജമ്മു സിറ്റിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് ജമ്മു ഡെപ്യൂട്ടി കമ്മീഷണര്‍ രമേഷ് കുമാര്‍ പറയുന്നത്. എന്നാല്‍ ജമ്മുവില്‍ ബന്ദിന് സമാനമായ അവസ്ഥയാണെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Comments