പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി ജവാന്‍ ലീവ് കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്. വിരമിക്കാന്‍ ഇനി രണ്ട് വര്‍ഷം മാത്രമുള്ളപ്പോഴാണ് മരണം വസന്തകുമാറിനെ കവര്‍ന്നത്.
കഴിഞ്ഞദിവസം പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വി.വി വസന്തകുമാറിന്റെ ( 42 ) മരണ വിവരം വീട്ടുകാരെ തേടിയെത്തുന്നത് വസന്തകുമാര്‍ വീട്ടില്‍ നിന്ന് മടങ്ങി ഒരാഴ്ച തികയും മുമ്പ്. പത്ത് ദിവസത്തെ അവധിക്ക് ലക്കിടിയിലെ കുന്നത്തിടവക വീട്ടിലെത്തിയ വസന്തകുമാര്‍ ഫെബ്രുവരി ഒമ്പതിനാണ് ജമ്മു കാശ്മീരിലേക്ക് മടങ്ങിയത്.
കഴിഞ്ഞ 18 വര്‍ഷമായി സൈനിക സേവനം ചെയ്യുന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ബറ്റാലിയന്‍ മാറ്റത്തെ തുടര്‍ന്നാണ് ശ്രീനഗറില്‍ എത്തുന്നത്. ഇത്രയും കാലം പഞ്ചാബിലായിരുന്നു എന്നാല്‍ ബെറ്റാലിയന്‍ മാറ്റത്തെ തുടര്‍ന്ന് ഒരാഴ്ചത്തെ അവധിക്ക് നാട്ടിലെത്തി. പിന്നീട് ഫെബ്രുവരി ഒമ്പതിനാണ് മടങ്ങുന്നത്. എണ്‍പത്തിരണ്ടാം ബെറ്റാലിയന്‍ അംഗമായാണ് വസന്തകുമാര്‍ ശ്രീനഗറില്‍ എത്തുന്നത്.
രണ്ടുവര്‍ഷം കൂടി കഴിഞ്ഞ് വിരമിക്കാന്‍ ഇരിക്കവെയാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് സൈന്യത്തില്‍ നിന്നുള്ള ഫോണ്‍ സന്ദേശം വീട്ടുകാരെ തേടിയെത്തുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. മൃതദേഹം ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം. അമ്മ ശാന്ത അച്ഛന്‍ പരേതനായ വാസുദേവന്‍ ഭാര്യ ഷീന സഹോദരി വാസുമിത മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അനാമിക യുകെജി വിദ്യാര്‍ത്ഥിയായ അമര്‍ദീപ് എന്നിവര്‍ മക്കളാണ്.
Comments