പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി ജവാന്‍ വസന്ത് കുമാറിന്‍റെ ഭൗതികശരീരം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കൊടുവില്‍ വസന്തകുമാറിന്‍റെ സഹോദരനടക്കമുള്ള ബന്ധുക്കളും മന്ത്രിമാരും എംപിമാരുമടക്കമുള്ള ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തിലെ ആഗമന ടെര്‍മിനലിന് സമീപം പത്ത് മിനിറ്റോളം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും തിരക്ക് കാരണം അരമണിക്കൂറോളം വൈകിയാണ് ഇവിടെ നിന്നും ഭൗതികശരീരം കൊണ്ടു പോകാന്‍ സാധിച്ചത്. മന്ത്രിമാരായ കെടി ജലീല്‍, എകെ ശശീന്ദ്രന്‍, എംപിമാരായ എം.കെ.രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍, എംഎല്‍എമാരായ സികെ ശശീന്ദ്രന്‍, ഷാഫി പറന്പില്‍, അബ്ദുള്‍ ഹമീദ് തുടങ്ങി നിരവധി ജനപ്രതിനിധികള്‍ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കാത്തു നിന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെടി ജലീലും, ഗവര്‍ണര്‍ക്ക് വേണ്ടി മലപ്പുറം ജില്ലാ കളക്ടറും മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.
Comments