പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ജവാന്‍ വി വി വസന്തകുമാറിന്റെ മൃതദേഹം മലയാളമണ്ണ് ഏറ്റുവാങ്ങി. എയര്‍ ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പകല്‍ രണ്ടിന് എത്തിച്ച മൃതദേഹം വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങി. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ഡോ. കെ ടി ജലീല്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.
മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ പി ജയരാജനും ഗവര്‍ണര്‍ക്കായി കലക്ടര്‍ അമിത് മീണയും പുഷ്പചക്രം അര്‍പിച്ചു. എം പി മാരായ എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എം പി, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഷാഫി പറമ്പില്‍, പി അബ്ദുല്‍ ഹമീദ് എന്നിവരും എത്തി. വിമാനത്താവളത്തില്‍ 45 മിനിറ്റ് പൊതുദര്‍ശനം അനുവദിച്ചു. വീര ജവാന് പൊലീസും സിആര്‍പിഎഫും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് റോഡു മാര്‍ഗം കോഴിക്കോടുവഴി ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോയി. വസന്ത്കുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments