പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരടുടെ ജീവനെടുത്ത ചാവേര്‍ ഭീകരന്‍ ആദില്‍ അഹമ്മദ് ദാര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പിടിയിലായത് ആറ് തവണയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാതവണയും കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ ഇയാളെ വെറുതെ വിടുകയാണ് ചെയ്തത്. 2016 സെപ്തംബറിനും 2018 മാര്‍ച്ചിനുമിടയിലുള്ള കാലയളവിലാണ് ആദില്‍ പിടിയിലായതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
കല്ലേറ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നും, ലഷ്‌കര്‍ ഇ തോയ്ബയ്ക്ക് സഹായം ചെയ്തുകൊടുത്തതിനാലുമാണ് ഇരുപതുകാരനായ ആദിലിനെ പല തവണ പിടികൂടിയത്. പക്ഷേ ഒരിക്കല്‍പോലും ആദിലിനെതിരെ കേസെടുക്കുകയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോപോലും ഉണ്ടായില്ല. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെയും പുല്‍വാമ പൊലീസിനെയും ഉദ്ധരിച്ചുള്ളതാണ് മുംബൈ മിററിന്റെ റിപ്പോര്‍ട്ട്.
പുല്‍വാമയിലെ ഗുണ്ടിബാഗ് സ്വദേശിയായ ആദില്‍ 2016 മുതലാണ് ലഷ്‌കര്‍ ഇ തോയ്ബയുടെ ഭാഗമായത്. കശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരവാദികള്‍ക്ക് താവളമൊരുക്കിക്കൊടുക്കുകയും മറ്റ് സഹായങ്ങളും ആദില്‍ ചെയതിരുന്നു. ലഷ്‌കര്‍ കമാന്‍ഡോകളെയും ഭീകരപ്രവര്‍ത്തനത്തില്‍ ചേരാനാഗ്രഹിക്കുന്ന യുവാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലിയും ഇയാള്‍ക്കുണ്ടായിരുന്നു.
2017 പകുതിയോടെയാണ് ആദിലും ബന്ധുവായ മന്‍സൂര്‍ ദാറും മറ്റ് നാല് സുഹൃത്തുക്കളും ജെയ്‌ഷെ ഇ മുഹമ്മദില്‍ ചേരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'അവന്‍ ജെയ്‌ഷെയില്‍ ചേരുന്നതിന് മുന്‍പ് സുരക്ഷാ ജീവനക്കാരെ കല്ലെറിഞ്ഞതിന് രണ്ടുതവണയും, ലഷ്‌കര്‍ ഭീകരരെ സഹായിച്ചതിന് നാല് തവണയും ഞങ്ങള്‍ പിടികൂടിയിരുന്നു. പക്ഷേ ഒരിക്കല്‍ പോലും ആദിലിനെ അറസ്റ്റ് ചെയ്യുകയോ, എഫ്‌ഐആറില്‍ പേര് ചേര്‍ക്കുകയോ ചെയ്തിരുന്നില്ല.' പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments