കേന്ദ്രസര്‍ക്കാറിന്റെ കിസാന്‍ സമ്മാന്‍നിധി പുതിയ വിവാദത്തിന് തുടക്കം കുറിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കോട്ടയത്ത് കിസാന്‍ സമ്മാന്‍ നിധിയുടെ ഉല്‍ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചപ്പോള്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സമാന്തര ഉല്‍ഘാടനം ചടങ്ങ് സംഘടിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്.
കണ്ണന്താനത്തിന്റെ നടപടി രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് ചടങ്ങ് സംഘടിപ്പിച്ചതെന്നും ഇത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉല്‍ഘാടനം പാര്‍ട്ടി പരിപാടിയാക്കി മാറ്റാനുള്ള ബി.ജെ.പി. നീക്കം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്തു ഉല്‍ഘാടനചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നാണ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ വിശദീകരണം. മൂന്ന് ഗഡുക്കളായി ആറായിരം രൂപ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പദ്ധതിക്ക് ദിവസങ്ങള്‍ക്ക് മുന്‍പേ അപേക്ഷ ക്ഷണിച്ചിരുന്നു. പദ്ധതിയുടെ ഉല്‍ഘാടനം ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ വെബ്കാസ്റ്റിങ്ങുമുണ്ടാവും.
Comments