പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചതോടെ അതിർത്തിപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു.ജമ്മു, ലേ, ശ്രീനഗർ. അമൃത്സർ, ചണ്ഡിഗഡ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് താത്കാലികമായി നിർത്തിവെച്ചത്. കശ്മീരിലേക്കുള്ള മുഴുവൻ യാത്രവിമാനങ്ങളുടെ സർവ്വീസുകളും റദ്ദാക്കി. വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ശ്രീനഗർ, അമൃത്സർ, ചണ്ഡീഗഡ്, ജമ്മു വിമാനത്താവളങ്ങളിൽനിന്നുള്ള വിമാനങ്ങൾ താത്കാലികമായി നിർത്തിയെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു. യാത്രക്കാർ വിവരങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രം വിമാനത്താവളങ്ങളിൽ എത്തിയാൽ മതിയെന്നും വിസ്താര നിർദേശം നൽകി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻ വ്യോമസേന പാക്ക് ഭീകരകേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ കശ്മീരിലെങ്ങും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. രജോരി ജില്ലയിൽ ഷെല്ലാക്രമണം നടന്നതിനാൽ ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധിയും നൽകി.
Comments