ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡനപരാതി പരിഗണിക്കാൻ അപൂർവ സിറ്റിംഗുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്‍റെ സ്റ്റാഫംഗങ്ങളിൽ ഒരാളായിരുന്ന മുപ്പത്തിയഞ്ചുകാരി നൽകിയ പരാതി പരിഗണിക്കാനാണ് അത്യപൂർവ നടപടിയുമായി കോടതി സിറ്റിംഗ് ചേർന്നത്. പരാതിയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തീർത്തും അപ്രതീക്ഷിതമായി, രാവിലെ പത്തരയോടെയാണ് സുപ്രീംകോടതിയിൽ അടിയന്തര വിഷയം ചർച്ച ചെയ്യാൻ സിറ്റിംഗ് ചേരുന്നുവെന്ന ഒരു നോട്ടീസ് പുറത്തു വിട്ടത്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീംകോടതിയിൽ അടിയന്തരസിറ്റിംഗ് നടത്തിയത്. ചീഫ് ജസ്റ്റിസിന്‍റെ തന്നെ അദ്ധ്യക്ഷതയിലാണ് ബഞ്ച് സിറ്റിംഗ് നടത്തിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്. രാവിലെ പത്തേമുക്കാലോടെ തുടങ്ങിയ സിറ്റിംഗിൽ നാടകീയമായ പരാമർശങ്ങളും സംഭവങ്ങളുമാണുണ്ടായത്.
Comments