ആരോഗ്യരംഗത്ത് പുതിയൊരു നേട്ടം കൂടി കൈവരിച്ച് കേരളം. കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി തുടക്കം മുതല്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാനാകുന്ന പ്രീം സിംപ്റ്റമാറ്റിക് ട്രീറ്റ്‌മെന്റ് ഫലപ്രദമായി നടപ്പിലാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് പുതുജീവിതം ലഭിച്ചിരിക്കുകയാണ്. ഏഷ്യയിലെ തന്നെ അത്യപൂർവ്വ നേട്ടമാണിത്.
സുഷുമ്‌നാ നാഡിയിലെ മോട്ടോര്‍ നാഡീ കോശങ്ങളെ ബാധിക്കുന്ന ഒരു ജനിതക രോഗമാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. പേശികളുടെ ബലഹീനതയും പേശികള്‍ ചുരുങ്ങുന്നതുമാണ് രോഗവസ്ഥ. മാതാപിതാക്കളില്‍ നിന്നാണ് കുട്ടികള്‍ക്ക് ഈ അപൂര്‍വ്വ രോഗം ബാധിക്കുക.
എസ്എംഎ സ്ഥിരീകരിച്ച വട്ടിയൂർക്കാവ് സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടാമത്തെ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു. കുട്ടി ജനിച്ച ഉടന്‍ തന്നെ ആരോഗ്യവകുപ്പ് ചികിത്സ ആരംഭിച്ചു. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം എസ്എംഎയ്ക്ക് പ്രീ സിംറ്റമാറ്റിക് ചികിത്സ ഏര്‍പ്പെടുത്തി.
ഈ രോഗാവസ്ഥയുടെ ഭാഗമായ ഏഴ് കുട്ടികള്‍ക്ക് നട്ടെല്ലിന്റെ വളവ് നിവര്‍ത്തുന്ന സ്‌കോളിയോസിസ് കറക്ഷന്‍ ശസ്ത്രക്രിയ നടത്താനും ആരോഗ്യവകുപ്പിന് സാധിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.
നിലവില്‍ യുഎസ്, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മാത്രമാണ് സൂക്ഷ്മവും ചെലവേറിയതുമായ ചികിത്സാ രീതി പ്രാബല്യത്തിലുള്ളത്. എസ്എംഇ ബാധിച്ചു കഴിഞ്ഞാൽ സമയം കഴിയുംതോറും ഗുരുതമായിക്കൊണ്ടിരിക്കും. മരുന്നില്ലാത്ത സാഹചര്യത്തിൽ നട്ടെല്ല് വളഞ്ഞ് മരണത്തിന് കാരണമാകുന്ന അവസ്ഥയിലേക്കെത്തിയേക്കും. 2022ലാണ് ആദ്യമായി എസ്എംഎ ക്ലിനിക്ക് ആരംഭിക്കുന്നത്.