യെമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കോടതി ഹർജി പരിഗണിക്കുന്നത്.
വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ച നടപടികളും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഇന്ന് അറിയിക്കും. കഴിഞ്ഞ ദിവസം സുപ്രീം കോടതി പ്രശ്നത്തിൽ ഇടപ്പെട്ടതോടെ കേന്ദ്രം നയതന്ത്ര നീക്കം ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ വധശിക്ഷ നീട്ടിവയ്‌ക്കണം എന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ യെമൻ കോടതിയെ സമീപിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സർക്കാർ ഇടപെടൽ തേടി ആക്ഷൻ കൗൺസിലിനായി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ ആണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കേന്ദ്ര സർക്കാർ വക്കാലത്ത് ഫയൽ ചെയ്തിട്ടുണ്ട്.
2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.
തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്‍റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.
അതേസമയം, നിമിഷയുടെ മോചനത്തിന് നിർണായക ഇടപെടലുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തി. കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ബന്ധപ്പെട്ടു. യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ഹിൻ ഹഫീള് മുഖാന്തിരമാണ് ഇടപെടൽ. ചാണ്ടി ഉമ്മൻ്റെ അഭ്യർഥന പ്രകാരമാണ് കാന്തപുരത്തിൻ്റെ ഇടപെടൽ. ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളുമായി കാന്തപുരത്തിന് വ്യക്തി ബന്ധമുണ്ട്.