പാലക്കാട് കഴിഞ്ഞ ദിവസം മരിച്ച 57കാരൻ കൂടുതൽ സഞ്ചരിച്ചത് കെഎസ്ആർടിസി ബസിലെന്ന് കണ്ടെത്തൽ. ഇയാൾ ആഴ്ചയിൽ മൂന്ന് തവണ അട്ടപ്പാടിയിൽ പോയതും പൊതുഗതാഗത സംവിധാനം ഉപയോഗിച്ചാണെന്നും ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി.
ഒരു നിപ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താത്കാലികമായി അടച്ചിട്ടുണ്ട്. ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.
പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശിയായ 58കാരന്‍ ജൂലൈ 12നാണ് നിപ ബാധിച്ച് മരിച്ചത്. ഇയാൾ ഒരാഴ്ച മുമ്പാണ് പനി ബാധിച്ച് മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ചികിത്സ തേടിയ ശേഷം പനി കുറയാതെ വന്നതോടെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില കൂടുതല്‍ വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് ജൂലൈ 12ന് മരിച്ചത്.