സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിലെ കട്ട് ഓഫ് മാര്‍ക്കില്‍ പല ജില്ലക്കും പല നീതി,2024 ല്‍ നടന്ന പരീക്ഷയില്‍ മലപ്പുറത്ത് 140 മാര്‍ക്ക് കട്ട് ഓഫ് നിര്‍ണയിച്ചപ്പോള്‍ പത്തനംതിട്ടയില്‍ കട്ട് ഓഫ് 115 മാര്‍ക്ക് മാത്രം. എല്ലാ ജില്ലയിലും സ്‌കോളര്‍ഷിപ്പ് വീതിക്കുന്നതിന്റെ ഭാഗമായാണ് കട്ട് ഓഫ് ക്രമീകരണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇതോടെ മിടുക്കരായ വിദ്യാര്‍ഥികളില്‍ പലരും സ്‌കോളര്‍ഷിപ്പിന് പുറത്തായെന്നാണ് പരാതി.
സംസ്ഥാനത്തെ എട്ടാം തരം മുതല്‍ പ്ലസ്ടു വരെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠന സഹായമാണ് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്. വര്‍ഷം 12,000 രൂപ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിന് അര്‍ഹരെ കണ്ടെത്തുന്നത് സംസ്ഥാന തലത്തില്‍ നടത്തുന്ന പരീക്ഷയിലൂടെയാണ്. ഈ പരീക്ഷയിലാണ് ആരും ശ്രദ്ധിക്കാതെ പോകുന്ന വിവേചനം. 2024 ല്‍ നടന്ന പരീക്ഷയുടെ കാര്യമെടുക്കാം. സംസ്ഥാനത്താകെ ഒരൊറ്റ ചോദ്യപേപ്പര്‍. പക്ഷേ, മലപ്പുറത്തെ ജില്ലയില്‍ നിന്ന് പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടണമെങ്കില്‍ 180 ല്‍ 140 മാര്‍ക്ക് വാങ്ങണം.
എന്നാല്‍ പത്തനംതിട്ടയില്‍ നിന്നുള്ള വിദ്യാര്‍ഥി 115 മാര്‍ക്ക് മാത്രം നേടിയാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ലഭിക്കും. എസ്, എസ്ടി, ഭിന്നശേഷി സംവരണ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച ശേഷമാണ് ഈ വിവേചനം.
ഉയര്‍ന്ന കട്ട് ഓഫ് നിര്‍ണയിച്ചപ്പോള്‍ മലപ്പുറത്തെ നിരവധി വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് പുറത്തായി. 115നും 140നും ഇടയില്‍ മാര്‍ക്ക് വാങ്ങിയ 2698 വിദ്യാര്‍ത്ഥികള്‍ മലപ്പുറത്തുണ്ടെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് കൂടി ഇതിനോട് ചേര്‍ത്തു വായിക്കണം. 3473 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒടുവില്‍ സംസ്ഥാനത്ത് സ്‌കോളര്‍ഷിപ്പ് നല്‍കാനുളള തുകയാണ് കേന്ദ്രത്തില്‍ നിന്ന് ക്വാട്ടയായി കിട്ടിയത്.
അത് ജില്ലാ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ഓരോ ജില്ലയിലും വ്യത്യസ്ത കട്ടോഫ് നിര്‍ണയിച്ചത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. അതായത് കട്ടോഫ് സംസ്ഥാനത്ത് ഒരേപോലെ ആക്കിയാല്‍, മലപ്പുറത്തെ കൂടുതല്‍ മിടുക്കര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കേണ്ടി വരുമെന്ന് അര്‍ഥം.
മലപ്പുറത്ത് 139 മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥി അനര്‍ഹനായപ്പോള്‍, പത്തനംതിട്ടയില്‍ 115 മാര്‍ക്ക് കിട്ടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. പുതിയ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ എങ്കിലും ഈ വിവേചനം ഒഴിവാക്കണം എന്നാണ് ഉയരുന്ന പ്രധാന ആവശ്യം.