വിശ്വാസത്തിന്റയും, ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. ഇനിയുള്ള മുപ്പതുനാൾ വീടുകളിലും, ക്ഷേത്രങ്ങളിലും രാമായണ ശീലുകൾ ഉയരും.
തോരാതെ മഴ പെയ്യുന്ന കർക്കടകം മലയാളികൾക്ക് പഞ്ഞകർക്കിടകവും, കള്ളക്കർക്കിടവുമാണ്. കർക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണമെന്ന് വിശ്വാസം. രാമകഥകൾ ചൊല്ലി, കർക്കിടക മാസത്തെ വിശ്വാസികൾ ആഘോഷമാക്കുകയാണ്.
കർക്കിടക സംക്രാന്തിയ്ക്ക് മുൻപ് വീടും പരിസരവും വൃത്തിയാക്കി കലിയെ അകറ്റി ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കണം. ചേട്ടയെ പുറത്താക്കി ശീപോതിയെ വീടിന് അകത്താകുന്നതോടെ കർക്കിടകത്തിലെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകുന്നു.
രാവിലെ ദശ പുഷ്പങ്ങള്‍ വച്ച് ശ്രീ ഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കും. വിളക്കു കൊളുത്തി കിണ്ടിയില്‍ വെള്ളവും, തുളസിയും, താലത്തില്‍ ദശപുഷ്പങ്ങളും, വാല്‍ക്കണ്ണാടിയും, രാമായണവും. തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികൾ നിറഞ്ഞ നാളുകളാണിനി.
അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യ പരിചരണത്തിനും കർക്കിടകത്തിലാണ് തുടക്കമിടുക. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും, ഉഴിച്ചിലിനും, പിഴിച്ചിലിനും പറ്റിയ കാലം. താളും തകരയും ഉൾപ്പെടെ ഇലക്കറികൾ കഴിച്ച്, ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യ സംരക്ഷണം. ഈ മാസം തയ്യാറാക്കുന്ന കര്‍ക്കിടക കഞ്ഞി ഏറെ പ്രശ്‌സ്തമാണ്. മുക്കൂറ്റി, പുവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി എന്നിങ്ങനെയുള്ള ഔഷധ സസ്യങ്ങള്‍ ചേര്‍ത്താണ് കര്‍ക്കിടക കഞ്ഞി തയ്യാറാകുക. രോഗങ്ങളെ പ്രതിരോധിക്കാൻ മനസിനും ശരീരത്തിനും പരിചരണം നൽകുന്ന കാലം.
കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലുണ്ട്. വറുതിയുടെ കാലം കടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിനായുള്ള കാത്തിരിപ്പ് കൂടിയാണ് മലയാളികൾക്ക് കർക്കിടകം.