തന്റെ ശമ്പളം തുറന്നു പറയാൻ മടി തോന്നിയിട്ടില്ല എന്ന് സംവിധായകൻ ലോകേഷ് കനഗരാജ്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ കോലിക്ക് ലോകേഷ് വാങ്ങിയ 50 കോടി രൂപ പ്രതിഫലത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്കുകുകയായിരുന്നു അദ്ദേഹം.
“എന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ കൈതി ചെയ്യുമ്പോഴാണ് ഒരു കോടി രൂപയിൽ എന്റെ പ്രതിഫലം എത്തുന്നത്. കൂലിയിൽ ലഭിച്ച പ്രതിഫലത്തിൽ സന്തോഷം മാത്രമേയുള്ളൂ. കാരണം ലോകം ദരിദ്രനോട് ക്രൂരമായി പെരുമാറും എന്ന് കേട്ടിട്ടുണ്ട്, ഞാൻ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്, അതിനാൽ ഓരോ രൂപയുടെയും വില എനിക്കറിയാം” ലോകേഷ് കനഗരാജ് പറയുന്നു.
താൻ വളരെ കുറച്ച് മാത്രം ആവശ്യങ്ങളുള്ളൊരാളാണെന്നും ധനം കൊണ്ട് താൻ ചെയ്യാനുദ്ദേശിക്കുന്നത് തന്റെ ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും വളർത്തിക്കൊണ്ട് വരുക എന്നത് മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂലിയിൽ 50 കോടി രൂപ പ്രതിഫലം വാങ്ങിയതോടെ ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന സംവിധായകരിലൊരാളായി ലോകേഷ് കനഗരാജ് മാറിയിരുന്നു.
ആഗസ്റ്റ് 14 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന കൂലിയിൽ രജനികാന്തിനൊപ്പം ആമിർ ഖാനും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ തന്നെ ആരാധകരിലേക്കെത്തും.