2025ല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അവതാര്‍ ഫയര്‍ ആന്‍ഡ് ആഷ്. ഔദ്യോഗിക ട്രെയ്‌ലര്‍ തിയേറ്ററില്‍ ഫന്റാസ്റ്റിക് ഫോര്‍ : ഫസ്റ്റ് സ്റ്റെപ്പ് എന്ന ചിത്രത്തിനൊപ്പം അടുത്തിടെയാണ് റിലീസ് ചെയ്തത്. എന്നാല്‍ തിയേറ്ററിന് വേണ്ടി മാത്രം പുറത്തിറക്കിയ ട്രെയ്‌ലറിന്റെ വിഷ്വലുകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ ട്രെയ്‌ലര്‍ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുകയാണ്.
ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പുതിയ സാഹസികമായ ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ പരിചിതമായ മുഖങ്ങളും കാണാന്‍ സാധിക്കും. ജെയിക് സള്ളി, നെയ്തിരി, തുടങ്ങി സള്ളി കുടുംബത്തിലെ എല്ലാ അംഗങ്ങളും അവസാന യുദ്ധത്തിന് തയ്യാറാണ്. എന്തായിരിക്കും മൂന്നാം ഭാഗത്തിന്റെ കഥയെന്ന് വെളിപ്പെടുത്താതെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ട്രെയ്‌ലറിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സ്വന്തം വ്യക്തിത്വത്തിനായുള്ള പോരാട്ടമാണ് മൂന്നാം ഭാഗം പറഞ്ഞുവെക്കുന്നതെന്നാണ് സൂചന.
ഡിസംബര്‍ 19നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ‘അവതാര്‍ 3’ തിയേറ്ററിലെത്തുന്നത്. നാലും അഞ്ചും ഭാഗങ്ങള്‍ 2029 ഡിസംബര്‍ 21നും 2031 ഡിസംബര്‍ 19നും റിലീസ് ചെയ്യും.
‘അവതാറും’ ‘ദ വേ ഓഫ് വാട്ടറും’ ആഗോള ബോക്സ് ഓഫീസില്‍ 2 ബില്യണ്‍ ഡോളര്‍ കളക്ട് ചെയ്തിരുന്നു. ലോകത്തിലെ തന്നെ കോമേഷ്യല്‍ വിജയമായ ആദ്യത്തെയും മൂന്നാമത്തെയും ചിത്രങ്ങളായ അവതാര്‍ ഫ്രാഞ്ചൈസ് മാറി. ‘ഫയര്‍ ആന്‍ഡ് ആഷും’ ഇതേ പാത പിന്‍തുടരുകയാണെങ്കില്‍ 2 ബില്യണ്‍ ഡോളര്‍ നേടുന്ന മൂന്ന് ചിത്രങ്ങളുള്ള ഏക ഫ്രാഞ്ചൈസായ ‘അവതാര്‍’ മാറും.