മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയപൂര്‍വം’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രസകരമായൊരു ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഹൃദയപൂര്‍വം സെറ്റിലെ ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുകയാണ്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അടക്കമുള്ളവരുടെ രസകരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
ഓണം റിലീസായി ഓഗസ്റ്റ് 28നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള മാളവികയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. പ്രേമലുവിലെ സംഗീത് പ്രതാപും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. സംഗീത മാധവന്‍, സിദ്ദിഖ്, ലാലു അലക്സ്, ബാബുരാജ് എന്നിവരും ചിത്രത്തിലുണ്ട്.
കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു. ‘നൈറ്റ് ഷിഫ്റ്റ്’ എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.
2015ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.