കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ) ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വൈകുന്നേരത്തോടെ ആയിരിക്കും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകുക.
സംവിധായകൻ വിനയൻ ഭാരവാഹി തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക നൽകി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനും കല്ലിയൂർ ശശിയും സജി നന്ത്യാട്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബി. രാകേഷും സാന്ദ്ര തോമസുമാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, നിർമിച്ച സിനിമകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംഘടന ബൈലോ പ്രകാരം സാന്ദ്ര തോമസിന്റെ നാമനിർദേശപത്രിക തള്ളാനും സാധ്യതയുണ്ട്. നേരത്തെ ഫ്രൈഡൈ ഫിലിം ഹൗസിന്റെ ബാനറിലാണ് വിജയ് ബാബുവിന് ഒപ്പമാണ് സാന്ദ്ര ചിത്രങ്ങള്‍ നിർമിച്ചിരുന്നത്. ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമസ്ഥാവകാശം വിജയ് ബാബുവിന് പൂർണമായും വിട്ടുനല്‍കുകയായിരുന്നു. പിന്നീട് സാന്ദ്രാ തോമസ് ഫിലിം പ്രൊഡക്ഷന്‍സ് എന്ന കമ്പനി രൂപീകരിച്ചു. എന്നാല്‍ സാന്ദ്ര ഈ കമ്പനിയുടെ ബാനറില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് നിർമിച്ചിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ ബൈലോ പ്രകാരം മത്സരിക്കാന്‍ ആകില്ലെന്നുമാണ് നിലവിലെ ഭരണസമിതി പറയുന്നത്.
ഈ മാസം 14ന് കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസിലായിരിക്കും തെരഞ്ഞെടുപ്പ്.