ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പിന്തുണ തേടി എൻഡിഎ. എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണന് വേണ്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫോണിൽ സംസാരിച്ചു.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായി ജെ.പി. നദ്ദയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നദ്ദ, രാജ്‌നാഥ് സിങ് എന്നിവരുള്‍പ്പെടെ ബിജെപി ആസ്ഥാനത്ത് നടത്തിയ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു തീരുമാനം. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് സിപി രാധാകൃഷ്ണന്‍. തമിഴ്‌നാട് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള ബിജെപിയുടെ പ്രഭാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം, ഇൻഡ്യാ സഖ്യത്തിൻ്റെ സ്ഥാനാർഥിത്വത്തിൽ അവ്യക്തത തുടരുകയാണ്. ഇൻഡ്യാ സഖ്യം നേതാക്കൾ ഇന്ന് രാവിലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ യോഗം ചേരും. യോഗത്തിൽ തീരുമാനമായാൽ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.