കോഴിക്കോട് ലാബിൽ അമീബിക് മസ്തിഷ്‌ക ജ്വര പരിശോധനയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് അറിയിച്ചു. പരിശോധനയ്ക്ക് എടുക്കാറുള്ളത് സ്വഭാവിക സമയം മാത്രമാണ്, മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും അധികൃതർ അറിയിച്ചു.രാജ്യത്ത് തന്നെ അഞ്ചോളം ലാബുകളില്‍ മാത്രമാണ് അമീബ കണ്ടെത്താനുള്ള പിസിആര്‍ പരിശോധന ഉള്ളത്. എന്നാല്‍ മോളിക്യുലാര്‍ സങ്കേതത്തിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും സ്പീഷീസ് ഐഡൻ്റിഫിക്കേഷനും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമായി. 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലാര്‍ സംവിധാനം ഇവിടെ സജ്ജമാണ്. അതേ സമയം രാജ്യത്തെ ഭൂരിഭാഗം ലാബുകളിലും 3 തരം അമീബകളെ മാത്രം കണ്ടെത്താനുള്ള സംവിധാനമാണുള്ളത്.
കോഴിക്കോട്ടെ മൈക്രോബയോളജി ലാബില്‍ അമീബയാണോ എന്ന് കണ്ടെത്താനുള്ള പ്രാഥമിക പരിശോധനാ സൗകര്യമുണ്ട്. രോഗിയുടെ പരിശോധനാ സാമ്പിളായ സി.എസ്.എഫ്. (സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ്) കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെത്തിയാല്‍ ഉടന്‍തന്നെ പ്രാഥമിക പരിശോധന നടത്തും. അതില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ചികിത്സ ആരംഭിക്കുന്നതാണ്. സ്പീഷീസ് ഐഡൻ്റിഫിക്കേഷന് വേണ്ടി മാത്രമാണ് തിരുവനന്തപുരത്തെ ലാബില്‍ അയക്കുന്നത്.