കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടിക്ക് കരുത്തുള്ള തൃശ്ശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ ഭരണം പിടിച്ചെടുക്കാനുള്ള ആലോചനകള്‍ ശക്തമാണ്. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, ശോഭാസുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, പി കെ കൃഷ്ണദാസ്, എം ടി രമേശ് തുടങ്ങി സംസ്ഥാന ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും.
കൊട്ടാരക്കരയിലെയും കോതമംഗലത്തെയും ലൗ ജിഹാദ് വിഷയം ചര്‍ച്ചയാകും. മലയാളി കന്യാസ്ത്രീകളുടെ ഛത്തീസ്ഗഡിലെ അറസ്റ്റും വോട്ടര്‍ പട്ടിക വിവാദവും മറികടക്കാനുള്ള തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടാകുമെന്നാണ് എന്ന് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളുടെ ഏകദേശ പട്ടികയും യോഗത്തിനു മുന്‍പില്‍ വയ്ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ കേരളത്തിലും തമിഴ്‌നാട്ടിലും എല്ലാ മാസവും അമിത്ഷാ സന്ദര്‍ശിച്ച് യോഗങ്ങളില്‍ പങ്കെടുക്കും.