ഇന്ത്യക്ക് മേൽ യുഎസ് ചുമത്തിയ അധികതീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യക്കുമേൽ 50 ശതമാനം അധികതീരുവയാണ് ചുമത്തിയത്. നാളെ പുലർച്ചെ 12.01 മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ നോട്ടീസ് യുഎസ് ഹോം ലാൻഡ് ഡിപ്പാർട്ട്മെൻ്റ് പുറത്തിറക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി തീരുവ ഏർപ്പെടുത്തിയത് എന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു.
തീരുവ തർക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയ്ക്കും ഇല്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. നിലവിലെ പ്രശ്നങ്ങൾ അവസാനിക്കും വരെ കരാറിൽ തുടർചർച്ചകൾ വേണ്ടെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.
അതേസമയം, അധിക തീരുവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ അറിയിച്ചിരുന്നു. യുഎസിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ വില വർധിക്കുന്നതോടെ, ക്രമേണ കയറ്റുമതി കുറയുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അധികത്തീരുവ പ്രാബല്യത്തിൽ വരാനിരിക്കെ റഷ്യയിലെ ഇന്ത്യൻ അംബാസഡർ പ്രതികരിച്ചിരുന്നു. മികച്ച ഡീൽ ലഭിക്കുന്നത് എവിടെയാണോ, അവിടെ നിന്നും എണ്ണ വാങ്ങുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റഷ്യൻ വാർത്താ ഏജൻസിയായ ടാസിന് നൽകിയ അഭിമുഖത്തിലാണ് വിനയ് കുമാറിൻ്റെ പ്രസ്താവന.
രാജ്യത്തെ 1.4 ബില്യൺ ജനങ്ങൾക്ക് ഊർജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം ഉയർന്ന താരിഫ് ഏർപ്പെടുത്തിയാലും , ഇന്ത്യൻ സർക്കാർ ദേശീയ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.