ആപ്പിളിൻ്റെ ഏറ്റവും പുതിയ ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന ആപ്പിൾ ‘ഓവ് ഡ്രോപ്പിങ്’ ലോഞ്ച് ഇവൻ്റിൻ്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഫോൺ 17 സീരീസിലുള്ള സ്മാർട്ട് ഫോണുകൾ, ഐഫോൺ 17 എയർ മോഡൽ, എയർ പോഡ്സ് 3 പ്രോ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ആപ്പിൾ പ്രൊഡക്ടുകൾ ഈ വേദിയിൽ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്തംബർ 9നാണ് ഐഫോൺ പ്രേമികൾക്കായി പുതിയ ഇവൻ്റ് ലോഞ്ച് നടത്തുക.
ആപ്പിളിൻ്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ എയറിൻ്റെ ലോഞ്ചും ഈ ചടങ്ങിൽ വെച്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഒഎസ് 26 എന്ന യൂസർ ഇൻ്റർഫേസിൽ റീ ഡിസൈൻ ചെയ്ത മോഡലാണിത്. ‘WWDC 2025’ എന്ന ഇവൻ്റിൽ സൂചന നൽകിയ ഐഫോൺ 17 എയറിൻ്റെ ഔദ്യോഗികമായ ആദ്യ ലോഞ്ചിങ്ങാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്. ഐഫോൺ ഡിസൈനിൽ കാര്യമായ പരിഷ്കരണം വരുത്തുന്നത് സമീപകാലത്ത് ആദ്യമായാണ്.
ഇന്ത്യൻ സമയം രാത്രി 10.30നാണ് ഇവൻ്റ് ആരംഭിക്കുക. കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഇക്കുറിയും വെർച്വൽ ലോഞ്ച് ഇവൻ്റാണ് ആപ്പിൾ സംഘടിപ്പിക്കുന്നത്. ഇതേ പരിപാടിയിൽ ആപ്പിൾ വാച്ച് സീരീസ് 11, എയർപോഡ്സ് പ്രോ 3 എന്നിവയും കമ്പനി പുറത്തിറക്കിയേക്കാം. കമ്പനിയുടെ യൂട്യൂബ് ചാനൽ, ആപ്പിൾ ടിവി പ്ലസ് ആപ്പ്, Apple.com വെബ്സൈറ്റ് എന്നിവയിലൂടെയും തത്സമയം ഇവൻ്റ് സ്ട്രീം ചെയ്യും.
ആപ്പിൾ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ പുറത്തിറക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ ഐഫോൺ 16 പ്ലസ് മോഡലിന് പകരമായാണ്, ഈ വർഷം വളരെ സ്ലിം ആയ ഐഫോൺ 17 എയർ മോഡൽ പുറത്തിറക്കുക. ആപ്പിൾ വാച്ച് അൾട്രാ 2ൻ്റെ പിൻഗാമിയെ ഈ പരിപാടിയിൽ അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല.
പുതിയ റിപ്പോർട്ടുകൾ പ്രകാരം, വയർലെസ് സ്റ്റീരിയോ (TWS) ഹെഡ്‌സെറ്റിൽ മെച്ചപ്പെട്ട ഓഡിയോ നിലവാരം, കൂടുതൽ ഫലപ്രദമായ ആക്റ്റീവ് നോയ്‌സ് റദ്ദാക്കൽ, മികച്ച ബാറ്ററി ലൈഫ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ചിപ്പ് ഉണ്ടായിരിക്കും. ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള ഡിവൈസും ഇത് ഓഫർ ചെയ്തേക്കാം.