മലയാളം ഉൾപ്പെടെയുള്ള പുത്തൻ സിനിമകളുടെ വ്യാജ പതിപ്പുകളുമായി പാകിസ്ഥാൻ വെബ്സൈറ്റ് ഇന്ത്യയിൽ സജീവം. ഈ അടുത്ത് ഇറങ്ങിയ ലോക, ഹൃദയപൂർവ്വം, രജനികാന്തിൻ്റെ കൂലി ഉൾപ്പെടെ ആയിരത്തിലധികം സിനിമകളുണ്ട് ഈ പാക് സൈറ്റിൽ. ദൃശ്യമികവോടെയുള്ള വ്യാജ പതിപ്പുകൾ ആർക്കും സൗജന്യമായി കാണാൻ കഴിയും വിധമാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി, ഡോട്ട് കോം എന്ന ഡൊമൈനിൽ കവർ ചിത്രമടക്കം ഓരോ സിനിമകളുടെയും വിവരങ്ങൾ കാണാം. തുടർന്ന് സൈറ്റ് അഡ്രസ് പരിശോധിച്ചാൽ അത് ഡോട്ട് പി കെ (.pk) എന്നതിലേക്ക് മാറും. അതായത് പാകിസ്ഥാൻ നിർമിത വെബ് സൈറ്റ് ആയി മാറിയിട്ടുണ്ടാകും.
ഈ പാകിസ്ഥാൻ സൈറ്റിൽ ഭാഷകൾ തരം തിരിച്ച് നൂറുകണക്കിന് പുതിയ സിനിമകളുടെ വ്യാജ പതിപ്പുകളുണ്ട്. കൂടാതെ പുതിയ ഇംഗീഷ് സിനിമകളും. ഒരാഴ്ച മുമ്പ് ഇറങ്ങിയ ഹിറ്റ് മലയാളം ചിത്രങ്ങളായ ലോക, ഹൃദയപൂർവ്വം എന്നിവ ദൃശ്യമികവോടെ ഈ സൈറ്റിൽ ലഭിക്കും.
ലോകയുടെ മലയാളം പതിപ്പ് മാത്രമല്ല തമിഴ്, ഹിന്ദി വ്യാജ പതിപ്പുകളുമുണ്ട് സൈറ്റിൽ. ആവശ്യക്കാർ കൂടുതലുള്ള സുപ്പർ ഹിറ്റായ രജനികാന്തിൻ്റെ കൂലിയുടെ വ്യാജപതിപ്പിനും ദൃശ്യമികവിന് കുറവില്ല. ടെലിഗ്രാം വഴിയാണ് ഈ പാക് വെബ്സൈറ്റിൻ്റെ ലിങ്ക് പ്രചരിപ്പിക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ ന്യൂജൻ സംഘം ലിങ്കുകൾക്ക് വലിയ പ്രചാരണവും നൽകുന്നുണ്ട് എന്നാണ് സൂചന.