ആഗോള അയ്യപ്പ സംഗമത്തിന് പരസ്യ പിന്തുണയുമായി എഡിജിപി എസ്. ശ്രീജിത്ത്. ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതിയാണ് അയ്യപ്പ സംഗമമെന്നാണ് എസ്. ശ്രീജിത്ത് പറഞ്ഞത്. ശബരിമലയില്‍ ഇനി എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടാകണം എന്നത് ചര്‍ച്ച ചെയ്യുന്നതിനാണ് അയ്യപ്പ സംഗമമെന്നും എസ്. ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ ചതയദിന പരിപാടിയിലായിരുന്നു എഡിജിപിയുടെ പ്രസംഗം. ആഗോള അയ്യപ്പ സംഗമത്തിന് എസ്എന്‍ഡിപിയുടെ ഉള്‍പ്പെടെ എല്ലാ സംഘടനകളുടെയും പിന്തുണ ഉണ്ടാകണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു.
വേദിയില്‍ ഒപ്പമുണ്ടായിരുന്ന ദേവസ്വം മന്ത്രി വി.എന്‍. വാസവനെയും ശ്രീജിത്ത് പ്രശംസിച്ചു. ശബരിമല തീര്‍ഥാടനം വിജയിച്ചതിന് പിന്നില്‍ വാസവനാണ്. പൊലീസുകാര്‍ ആവശ്യപ്പെടുന്നത് മനസ്സറിഞ്ഞ് തന്ന് സഹായിച്ചെന്നും ശ്രീജിത്ത് പറഞ്ഞു. അയ്യപ്പ സംഗമം സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് പരസ്യമായി പിന്തുണച്ചുകൊണ്ട് എഡിജിപി തന്നെ രംഗത്തെത്തിയത്.
അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ചാണ് യുഡിഎഫ് നില്‍ക്കുന്നത്. സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണ് ഇതുവഴി വെളിവാകുന്നതെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാല്‍ യുഡിഎഫിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കി ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണ നല്‍കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു.