അധിനിവേശ കിഴക്കൻ ജറുസലേമിൽ വെടിവെപ്പ്. അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അധികൃതർ അറിയിച്ചു. വെടിയേറ്റ ഒമ്പത് പേരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
കിഴക്കൻ ജറുസലേമിലെ റാമോട്ട് ജങ്ഷനിലാണ് വെടിവെയ്പ്പുണ്ടായത്. നടന്നത് ഭീകരാക്രമണമാണെന്നാണ് പൊലീസ് പറയുന്നത്. അക്രമികളെ പിടികൂടിയെന്നും പൊലീസ് അറിയിച്ചു. അതേസമയം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു വരികയാണ്. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രദേശത്ത് ധാരാളം ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കുന്നുണ്ടെന്നും, ഫോറൻസിക് സംഘങ്ങൾ തെളിവുകൾ ശേഖരിക്കുമ്പോൾ ബോംബ് നിർമാർജന യൂണിറ്റുകൾ പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സഹായത്തിനായി സൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിൻ്റെ സ്ഥിതിഗതികൾ വിലയിരുത്തുയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.