ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അറബ് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി ഇന്ന് ദോഹയിൽ നടക്കും . ഇസ്രയേലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങൾ. ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെയുള്ള കരട് പ്രമേയം ഉച്ചകോടിയിൽ ചർച്ചാവിഷയമാകുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ.മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി നേരത്തേ അറിയിച്ചിരുന്നു.
നിർണായക ഉച്ചകോടിക്ക് മുന്നോടിയായി അറബ്, ഇസ്‍ലാമിക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്നലെ നടന്നിരുന്നു. ഖത്തറിനോടുള്ള അറബ്, ഇസ്‍ലാമിക് രാജ്യങ്ങളുടെ ഐക്യവും ഇസ്രയേൽ ഭീകരതയോടുള്ള വിയോജിപ്പും ഉച്ചകോടിയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന് ഖത്തറിന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഖത്തർ ഉച്ചകോടി നടത്താൻ തീരുമാനമെടുത്തത്.
ഇസ്രയേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖല അപകടത്തിലാണെന്നും കൂട്ടായ പ്രതികരണം ആവശ്യമാണെന്നും ഖത്തർ അറിയിച്ചിരുന്നു. ഇസ്രയേലിന് ഏത് രീതിയിൽ തിരിച്ചടി നൽകണമെന്ന് ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിൽ നിലപാടിനെതിരെ കൂടുതൽ ലോക രാജ്യങ്ങളിൽ നിന്ന് പിന്തുണ തേടുകയാണ് ഖത്തർ. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്തുള്ള ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെതിരെ ശാശ്വതമായി പരിഹാരം കാണുകയാണ് ലക്ഷ്യം.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ആക്രമണത്തിൽ ഇസ്രയേലിനെതിരെ കടുത്ത നടപടി വേണമെന്നാണ് ഖത്തറിന്റെ ആവശ്യം. ഇസ്രയേലിന്റെ കടന്നുകയറ്റിന് പിന്നാലെ ഗൾഫ് മേഖല അപകടത്തിലാണെന്നും അറബ് രാജ്യങ്ങളിൽ നിന്ന് കൂട്ടായ പ്രതികരണം ഉണ്ടാകണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹമാസ് നേതാക്കൾക്കായി ഓഫീസ് അനുവദിച്ചത് ഗാസ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകളുടെ ഭാഗമായാണെന്നും ഖത്തർ വിശദീകരിക്കുന്നു.