മദ്യപിച്ച് റെസ്റ്റോറൻ്റിലെത്തി തിളച്ചുകൊണ്ടിരിക്കുന്ന സൂപ്പിൽ മൂത്രമൊഴിച്ച കൗമാരക്കാരുടെ മാതാപിതാക്കൾക്ക് പിഴ. 17 വയസുകാരായ രണ്ട് കൗമാരക്കാരുടെ മാതാപിക്കാൾക്കാണ് ചൈനീസ് കോടതി പിഴയിട്ടത്. രണ്ട് കാറ്ററിംഗ് കമ്പനികൾക്ക് നഷ്ടപരിഹാരമായി 2.2 ദശലക്ഷം യുവാൻ (2,71,78,690 രൂപ) നൽകാനാണ് ഉത്തരവ്.
ഈ വർഷം ഫെബ്രുവരി 24നാണ് കൗമാരക്കാരായ വൂവും ടാങും ഷാങ്ഹായിലെ ഹൈദിലാവോ ഹോട്ട്‌പോട്ട് റെസ്റ്റോറന്റിൽ എത്തിയത്. മദ്യപിച്ച പ്രായപൂർത്തിയാകാത്ത കുട്ടികൾ ഒരു മേശയിൽ കയറി പരമ്പരാഗത ചൈനീസ് സൂപ്പ് തയ്യാറാക്കുന്നതിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. കേടായ സൂപ്പ് ഏതെങ്കിലും ഉപഭോക്താക്കൾ കഴിച്ചതായി തെളിവുകളൊന്നുമില്ലെങ്കിലും, സംഭവ തീയതി മുതൽ മാർച്ച് എട്ട് വരെ റെസ്റ്റോറൻ്റ് സന്ദർശിച്ച 4,000ത്തിലധികം പേർക്ക് കമ്പനി നഷ്ടപരിഹാരം നൽകി.
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, സംഭവത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകിയ നഷ്ടപരിഹാരം ചൂണ്ടിക്കാട്ടി സ്ഥാപനം തുടക്കത്തിൽ 23 ദശലക്ഷം യുവാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അപമാനകരമായ പ്രവൃത്തികൾ, ടേബിൾവെയർ മലിനമാക്കൽ, പൊതുജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കൽ എന്നിവയിലൂടെ കൗമാരക്കാർ സൽപ്പേര് നശിപ്പിച്ചുവെന്ന് ഷാങ്ഹായ് കോടതി വിധിച്ചു.
കൗമാരക്കാരുടെ മാതാപിതാക്കൾ രക്ഷാകർതൃ കടമ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും നഷ്ടപരിഹാരം അവർ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. കൗമാരക്കാരോടും അവരുടെ മാതാപിതാക്കളോടും കാറ്ററിംഗ് കമ്പനികൾക്ക് വേണ്ടി പ്രത്യേക പത്രങ്ങളിൽ ക്ഷമാപണം പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.