വിജയ് -ജ്യോതികാ കോംപോയില്‍ തമിഴകത്തെ ഇളക്കിമറിച്ച ‘ഖുശി’ റിലീസായിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ഈ സിനിമയും അതിലെ യുവത്വം നിറഞ്ഞ പാട്ടുകളും പ്രേക്ഷകർ നെഞ്ചോട് ചേർത്തുവയ്ക്കുന്ന തിയേറ്റർ അനുഭവമാണ്. 25ാം വാർഷികത്തില്‍ ‘ഖുശി’ കാണികളിലേക്ക് വീണ്ടും എത്തുന്നു.
2000ന് ശേഷം ആക്ഷന്‍ സിനിമകളിലേക്ക് ചുവടുമാറിയ വിജയ്‌യെ വീണ്ടും ആ റൊമാന്റിക്ക് ഹീറോയായി കാണാനുള്ള അവസരമാണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്. വിജയ് ആരാധകർക്കായി ഗില്ലി റീ റീലിസ് ചെയ്ത ശക്തി ഫിലിം ഫാക്ടറി തന്നെയാണ് ഖുശിയും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. സിനിമ വിട്ട് രാഷ്ട്രീയത്തില്‍ സജീവമാകുന്ന പ്രിയ നടനെ ബിഗ് സ്ക്രീനില്‍ കാണാനുള്ള ഒരു അവസരവും ആരാധകർ പാഴാക്കില്ല. ഗില്ലി റീ റിലീസ് സമയത്ത് അത് കണ്ടതാണ്.
എസ്.ജെ. സൂര്യ രചനയും സംവിധാനവും നിർവിച്ച ഖുശി അക്കാലത്ത് ട്രെന്‍ഡ് സെറ്ററായിരുന്നു. വിജയ് അവതരിപ്പിച്ച ശിവ ജ്യോതികയുടെ ജെന്നി എന്നീ കഥാപാത്രങ്ങളെ ചുറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. എസ്.ജെ. സൂര്യ തന്റെ തനത് സ്റ്റൈലില്‍ ഈ കഥാപാത്രങ്ങളുടെ ഇണക്കവും പിണക്കങ്ങളും അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകർ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു.
സാധാരണ ഒരു പ്രണയകഥ എന്ന് നിരൂപകർ വിലയിരുത്തിയ ചിത്രം സംഗീതം കൊണ്ടും പ്രണയം കൊണ്ടും കാലത്തെ അതീജിവിച്ചു. റിലീസ് ചെയ്ത അന്നു മുതല്‍ ഇന്നുവരെ ദേവയുടെ സൗണ്ട് ട്രാക്ക് ഹിറ്റാണ്. മേഘം കറുക്കുത്, മാക്കറീന മാക്കറീന എന്നീ ഗാനങ്ങള്‍ക്ക് കള്‍ട്ട് സ്ഥാനമാണ് പ്ലേലിസ്റ്റുകളില്‍ ഉള്ളത്.
വിജയകുമാർ, വിവേക്, നാഗേന്ദ്ര പ്രസാദ്, നിഴൽഗൽ രവി, ബീന ബാനർജി, ജാനകി സബേഷ് എന്നിവരടങ്ങുന്ന ശക്തമായ സഹതാരനിരയും ചിത്രത്തിന് ഗുണകരമായി. സിനിമയുടെ കഥയെ അലോസരപ്പെടുത്താതെയാണ് സൂര്യ കോമഡ് ട്രാക്ക് ഉപയോഗിച്ചത്. അത് ആഖ്യാനത്തിന് സഹായകമായി. ജീവയായിരുന്നു ഛായാഗ്രഹകന്‍. ബി. ലെനിനും വി.ടി. വിജയൻ ചേർന്നാണ് സിനിമ എഡിറ്റ് ചെയ്തത്. യുവത്വത്തിന്റെ താളം ഖുശിക്ക് നല്‍കിയത് ഇവരാണ്.
ശ്രീ സൂര്യ മൂവീസിന്റെ ബാനറിൽ എ.എം. രത്‌നം നിർമിച്ച ഖുശി 2000ൽ ഒരു വലിയ ബോക്‌സ്ഓഫീസ് വിജയമായിരുന്നു. ഇത് റീ റിലീസിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലും റീമേക്ക് ചെയ്ത ചിത്രത്തിന് വിവിധ ഭാഷകളില്‍ ആരാധകവൃന്ദമുണ്ട്. ഈ വർഷം ആദ്യം റീ റിലീസ് ചെയ്ത ഗില്ലി തിയേറ്ററുകളില്‍ നേടിയ വിജയം ഖുശിയിലൂടെ ആവർത്തിക്കുമെന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നത്. 25 ദിവസം കൊണ്ട് 34 കോടിയാണ് ഗില്ലി കളക്ട് ചെയ്തത്.