തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമക്ക് ലഭിച്ച പുരസ്കാരമെന്ന് മോഹൻലാൽ. 48 വർഷമായി തന്നോടൊപ്പം സിനിമയിൽ സഹകരിച്ച പലരും ഇന്നില്ല, അവരെ ഓർക്കുന്നു. ഈശ്വരനും, കുടുംബത്തിനും , ഒപ്പം പ്രവർത്തിച്ചവർക്കും നന്ദി പറഞ്ഞായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
ഇതിനു മുൻപ് ഏറെ മഹാരഥന്മാർ നടന്ന വഴിയാണ് ഈ പുരസ്കാരത്തിന്റേത്. എന്നെ ഞാനാക്കി മാറ്റിയ മലയാള സിനിമയ്ക്ക് നന്ദിയെന്നും മോഹൻലാൽ പറഞ്ഞു. 48 വർഷമായി പ്രവർത്തിക്കുന്ന മേഖലയാണ് സിനിമ. അത് എനിക്ക് ഈശ്വരനാണ്. എന്റെ പ്രവർത്തനമാണ് എന്റെ പ്രാർത്ഥന. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
ഷൂട്ടിംഗിനിടയിലാണ് പുരസ്കാരത്തിന് അർഹനായ വിവരം അറിയുന്നത്. കാൾ വന്നപ്പോൾ അത് സത്യമാണോയെന്ന് ഒരു നിമിഷം സങ്കിച്ചതായും താരം ഓർമിച്ചു. ഏറെ സന്തോഷം തോന്നി. വാർത്തയറിഞ്ഞതിനു ശേഷം അമ്മയെ കണ്ടെന്നും അമ്മ അനുഗ്രഹിച്ചെന്നും ലാൽ പറഞ്ഞു. അതോടൊപ്പം തന്നെ ദൃശ്യം -3 നാളെ മുതൽ ചിത്രീകരണം ആരംഭിക്കുമെന്നും മോഹൻലാൽ അറിയിച്ചു.