പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. ഇന്നലെ 17 പേരാണ് മരിച്ചിരുന്നത്. വടക്കൻ ബംഗാളിലെ പ്രദേശമായ ഡാർജിലിംഗിൽ ഇന്നലെ രാത്രിയും കനത്ത മഴയുണ്ടായി. ബംഗാളിൽ മിരിക്, സുഖിയ പൊഖാരി തുടങ്ങിയ പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ഇവിടങ്ങളിൽ പൊലീസും തദ്ദേശ ഭരണകൂടവും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ റോഡ് ഗതാഗതം നിലച്ച മട്ടാണ്. സിക്കിമിലേക്കുള്ള യാത്രാ മാർഗവും തടസപ്പെട്ടിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ ഇടങ്ങളിൽ മുഖ്യമന്ത്രി മമതാ ബാനർജി നാളെ ഡാർജിലിംഗിൽ സന്ദർശനം നടത്തും. ഡാർജിലിംഗിലെ മണ്ണിടിച്ചിലിലും മഴയിലും ഉണ്ടായ ജീവഹാനിയിൽ തനിക്ക് അതിയായ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ദുരന്തബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ, ഡാർജിലിംഗിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ടൈഗർ ഹിൽ, റോക്ക് ഗാർഡൻ എന്നിവ അടച്ചിടാൻ ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചു. ടോയ് ട്രെയിൻ സർവീസുകളും നിർത്തിവച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഭയാനകമാണെന്ന് പശ്ചിമ ബംഗാളിലെ മന്ത്രി ഉദയൻ ഗുഹ വിശേഷിപ്പിച്ചു.
അപകട മേഖലയിലുള്ള പൊതുജനങ്ങളും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും, റോഡ്, കാലാവസ്ഥ എന്നിവയെക്കുറിച്ച് നിരന്തരം അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അതേസമയം, കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികൾക്കും താമസക്കാർക്കും വേണ്ടി ബംഗാൾ പൊലീസ് 9147889078 എന്ന ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്.