ഗാസയിൽ അമേരിക്ക മുന്നോട്ട് വച്ച സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ ഈജിപ്തിൽ ചർച്ചകൾ തുടരുന്നു. ഇസ്രയേൽ-ഹമാസ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ബന്ദികളുടെ മോചനം അടക്കമുള്ള വിഷയങ്ങളിൽ ഉടൻ ധാരണയിലെത്താനാണ് നീക്കം.
ഈജിപ്തിൻ്റെയും ഖത്തറിൻ്റെയും മധ്യസ്ഥതയിലാണ് ചർച്ച. ആദ്യഘട്ട ചർച്ചകളിൽ ശുഭപ്രതീക്ഷ ഉണ്ടെന്നാണ് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ചയാണ് ഈജിപ്തിൽ ആരംഭിച്ചത്.
ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപേ ഹമാസിന് അന്ത്യശാസനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ തുടച്ചുനീക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി.
അതേസമയം, ആക്രമണം അവസാനിപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടിട്ടും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ട്രംപ് മുന്നോട്ടു വച്ച സമാധാന കരാറിനോട് ഹമാസ് അടുക്കുന്നതിനിടയില്‍ പ്രകോപനപരമായ പ്രസ്താവനകളാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയത്. ഹമാസിനെ ഏത് വിധേനയും നിരായുധീകരിക്കുമെന്ന് നെതന്യാഹു പറഞ്ഞു.
ബന്ദികളുടെ മോചനം അടക്കമുള്ള ആവശ്യങ്ങളില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് നെതന്യാഹുവിന്റെ പ്രസ്താവനകള്‍ വരുന്നത്. ട്രംപിൻ്റെ കരാറിലൂടെയോ ഇസ്രയേലിൻ്റെ സൈനിക നടപടിയിലൂടെയോ ഹമാസിനെ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു.