ഇന്ത്യയുടെ റീ ജനറേറ്റീവ് മെഡിസിൻ രംഗത്ത് അത്യപൂർവമായ നേട്ടമാണ് അമ്പത്തിരണ്ടുകാരനായ എറണാകുളം സ്വദേശിയിലൂടെ കൊച്ചി അമൃത ആശുപത്രി കൈവരിച്ചത്. രാജ്യത്ത് ആദ്യമായി അലോജനിക് മെസെൻകൈമൽ സ്റ്റെം സെല്ലുകൾ വ്യവസായിക അടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തിയാണ് പേരിനെയിൽ ഫിസ്റ്റുല ശസ്ത്രക്രിയ അമൃതയിൽ വച്ച് നടന്നത്. ആവർത്തിച്ച് രൂപപ്പെട്ട ഫിസ്റ്റുല കാരണം മുമ്പ് അഞ്ച് തവണ ഈ 52 കാരൻ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ചികിൽസ തുടർന്നിട്ടും ഫലപ്രാപ്തി ഇല്ലാതെ വന്നതോടെ ആണ് വൈദ്യശാസ്ത്ര രംഗത്തെ വേറിട്ട മാർഗം മെഡിക്കൽ സംഘം തെരഞ്ഞെടുത്തത്. റീജനറേറ്റീവ് മെഡിസിൻ രംഗത്ത് ഉപയോഗിക്കുന്ന കോശാധിഷ്ഠിത ചികിൽസ ഇവിടെ അലോജനിക് മെസെൻകൈമൽ സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് നടത്താൻ മെഡിക്കൽ ടീം തീരുമാനിക്കുകയായിരുന്നു.
അമൃത ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിലെ പ്രൊഫസർ ഡോ. റിജു ആർ. മേനോൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. അനൂപ് വാസുദേവൻ പിള്ള, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. എൽദോ ഐസക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഈ അത്യപൂർവ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ചു. ക്രോൺസ് രോഗത്തിൽ കാണപ്പെടുന്ന സങ്കീർണമായ പെരിയാനൽ ഫിസ്റ്റുലകൾക്കായി പ്രത്യേകമായി അംഗീകരിച്ച കമേഴ്‌സ്യൽ സ്റ്റെം സെൽ പ്രിപറേഷൻ ഉപയോഗിച്ചായിരുന്നു ചികിത്സ, ഇതിനായി നിലവിലുള്ള നിയമപരമായ എല്ലാ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.
ചികിൽസാ ഘട്ടത്തിലും തുടർന്നും രോഗിയുടെ ആരോഗ്യം നവീന ചികിൽസാ രീതിയുമായി സഹകരിച്ചുവെന്നും അദ്ദേഹം നിരന്തരം ഫോളോ അപ്പിലാണെന്നും പ്രാഥമിക ഫലങ്ങൾ പ്രതീക്ഷാജനകമാണെന്നും മെഡിക്കൽ സംഘം അറിയിച്ചു.
ലോകത്തിൽ തന്നെ ക്രോൺസ് രോഗത്തിൽ കാണപ്പെടുന്ന സങ്കീർണമായ പെരിയാനൽ ഫിസ്റ്റുലകൾക്കായി സ്റ്റെം സെൽ തെറാപ്പി ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇതോടെ ഇന്ത്യ മാറിയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇത് രാജ്യത്തെ കോശാധിഷ്‌ഠിത റീജനറേറ്റീവ് മെഡിസിൻ മറ്റു രംഗങ്ങളിലേക്ക് ഉപയോഗപ്പെടുത്തിയുള്ള ചികിൽസാ രംഗത്ത് പുതിയ മുന്നേറ്റങ്ങൾക്ക് വഴി വെയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ക്രോൺസ് രോഗവുമായി ബന്ധപ്പെട്ട പേരിനെയിൽ ഫിസ്റ്റുല ബാധിതർക്കായി, പരമ്പരാഗത ശസ്ത്രക്രിയകളും ചികിത്സകളും പരിമിത ഫലം മാത്രം നൽകാറുള്ള സാഹചര്യത്തിൽ, ഈ മുന്നേറ്റം പുതിയ പ്രതീക്ഷകൾക്ക് വാതിൽ തുറക്കുന്നു.