എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ ഫത്തോര്‍ഡയില്‍ ആവേശ പോരാട്ടം. എഫ്‌സി ഗോവ, സൗദി വമ്പന്‍മാരായ അല്‍ നസറിനെ നേരിടും. രാത്രി ഏഴേ കാലിനാണ് മത്സരം. മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ സുരക്ഷ ഗോവന്‍ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ദീപാവലി ആഘോഷത്തിന് ഇരട്ടി മധുരമായിട്ടാണ് ഫുട്‌ബോള്‍ ആരാധകരുടെ മുന്നിലേക്ക് അല്‍ നസര്‍ എത്തുന്നത്… ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലെങ്കിലും സൂപ്പര്‍ താരങ്ങളുമായാണ് അല്‍ നസര്‍ ഇന്ത്യയിലേക്കെത്തിയത്. സാദിയോ മാനെ, യാവോ ഫെലിക്സ്, ഇനിഗോ മാര്‍ട്ടിനെസ്, കിംഗ്സ്ലി കൂമന്‍ ഉള്‍പ്പെടെ വമ്പന്‍ താരനിരയെയാണ് ഹോര്‍ഗെ ജീസസ് കളത്തിലിറക്കുക. വരും മത്സരങ്ങളില്‍ പൂര്‍ണ ആരോഗ്യവാനായി കളികാണാണ് റൊണാള്‍ഡോ ഇന്ത്യയിലേക്ക് വരാത്തതെന്ന് അല്‍ നസര്‍ പരിശീലകന്‍ പറഞ്ഞു.
മനോലോ മാര്‍ക്വേസിന്റെ ഗോവന്‍ ടീം പരിശീലനം പൂര്‍ത്തിയാക്കി അല്‍ നസറിനെ നേരിടാനൊരുങ്ങിയിട്ടുണ്ട്. സന്ദേശ് ജിങ്കാന്‍, ഹാവിയര്‍ സിവേറിയോ, ആയുഷ് ഛേത്രി, മുഹമ്മദ് യാസിര്‍, ഉദാന്ത സിങ് ഉള്‍പ്പെടെ ഇന്ത്യന്‍ യുവനിരയും ഒപ്പം വിദേശ താരങ്ങളെയും അണിനിരത്തി വമ്പന്‍ പോരിന് തയ്യാറെടുക്കുകയാണ് ഗോവ.
അല്‍ നസറിനെതിരെ ടീം എല്ലാ തരത്തിലും തയാറെടുത്തെന്നും സൗദി ക്ലബ്ബിനെതിരെ വ്യക്തമായ പദ്ധതിയുണ്ടെന്ന് ഗോവ നായകന്‍ സന്ദേശ് ജിങ്കാന്‍. ഫത്തോര്‍ഡയില്‍ ഒന്നുറപ്പ്, ഫുട്‌ബോള്‍ ആരാധകര്‍ക്ക് കാര്‍ണിവലായിരിക്കും അല്‍ നസറും ഗോവയും കരുതിയിരിക്കുന്നത്.