മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ബൈസൺ കാലമാടന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിൻ്റെ ദീപാവലി കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. ദീപാവലിക്ക് തൊട്ടടുത്ത ദിവസമായ ഇന്നലെ ബൈസൺ കാലമാടൻ രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 7.25 കോടി കളക്ഷൻ വാരിക്കൂട്ടിയതായി ഓൺലൈൻ ട്രാക്കർമാരായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ അഞ്ച് ദിവസം കൊണ്ട് ബൈസണിൻ്റെ ആകെ കളക്ഷൻ ഏകദേശം 28 കോടിയായി.
റിലീസ് ചെയ്ത് ആദ്യ ദിനം 3.40 കോടിയായിരുന്നു ചിത്രത്തിൻ്റെ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നുള്ള കളക്ഷൻ. രണ്ടാം ദിനം 4.25 കോടിയും മൂന്നാം ദിനം 5.60 കോടിയും അഞ്ചാം ദിനം 7.50 കോടിയും ആറാം ദിനം 7.25 കോടിയും കളക്ഷൻ ബൈസൺ നേടി. തമിഴ്നാടിൽ ഇതുവരെ 25.85 കോടി കളക്ഷനാണ് ചിത്രം നേടിയത്. കർണാടകയിൽ 1.20 കോടിയും കേരളത്തിൽ 0.65 കോടിയും നേടി. റിലീസ് ചെയ്ത് ആദ്യ ആഴ്ച പൂർത്തിയാകുമ്പോൾ 32-33 കോടി വരെ ആഗോളതലത്തിൽ ചിത്രത്തിന് നേടാനായേക്കുമെന്നാണ് വിലയിരുത്തൽ.
ആദിത്യ വർമ, മഹാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്രുവ് വിക്രം നായകനാകനായെത്തിയ ചിത്രമാണ് ബൈസൺ കാലമാടൻ. ചിത്രം ധ്രുവിൻ്റെ കരിയർ ബെസ്റ്റ് ചിത്രമായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ ചെറു ഗ്രാമങ്ങളിൽ അരങ്ങേറുന്ന കബഡി കളിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ പറയുന്നത്. ഒരു യഥാർഥ സംഭവത്തെയും വ്യക്തിയെയും അടിസ്ഥാനമാക്കിയാണ് ബൈസൺ കാലമാടൻ നിർമിച്ചിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
ചിത്രത്തിൽ ധ്രുവ് വിക്രത്തിന്റെ നായികയാകുന്നത് അനുപമ പരമേശ്വരനാണ്. അനുപമയെ കൂടാതെ രജിഷ വിജയൻ, ലാൽ എന്നിവരും ചിത്രത്തിലെ മലയാളി സാന്നിധ്യമാണ്. പശുപതി, അമീർ സുൽത്താൻ, അനുരാഗ് അറോറ, ഹരികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.