വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ദീപം തെളിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ട്രംപ് പറഞ്ഞു. പാകിസ്ഥാനുമായുള്ള സാഹചര്യങ്ങളെക്കുറിച്ചും വ്യാപാര മേഖലകളെക്കുറിച്ചും മോദിയുമായി സംസാരിച്ചെന്നും ട്രംപ് പറഞ്ഞു.
‘ഇന്ത്യയിലെ ജനങ്ങള്‍കള്‍ക്ക് എന്റെ ആശംസകള്‍. നിങ്ങളുടെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. അതൊരു നല്ല സംഭാഷണമായിരുന്നു. ഞങ്ങള്‍ വ്യാപാരത്തെക്കുറിച്ചെല്ലാം സംസാരിച്ചു. അദ്ദേഹം അതിലെല്ലാം ഏറെ തല്‍പ്പരനാണ്. പാകിസ്ഥാനുമായി ഇനി യുദ്ധം ഉണ്ടാകില്ലെന്ന കാര്യവും നേരത്തെ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞു. അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. കുറേ വര്‍ഷങ്ങളായി എന്റെ ഒരു നല്ല സുഹൃത്താണ്,’ ട്രംപ് പറഞ്ഞു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പ് നല്‍കിയതായും ട്രംപ് ആവര്‍ത്തിച്ചു. എന്നെ പോലെ തന്നെ യുദ്ധം അവസാനിച്ച് കാണാന്‍ അദ്ദേഹവും ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും ചൈനയുമാണ് റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. മാത്രമല്ല, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പു നല്‍കിയതായും പലയാവര്‍ത്തി ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇക്കാര്യം പറഞ്ഞത്.