യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. വ്യാപാര കരാറിനായി അമേരിക്കയുമായി സംസാരിക്കുന്നുണ്ട്. തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ ഉണ്ടാകില്ല. സമയപരിധി നിശ്ചയിച്ചോ തലയിൽ തോക്കുവച്ചോ ഉള്ള ഇടപാടുകൾ ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.
ദീർഘകാലാടിസ്ഥാനത്തിലാണ് ഇന്ത്യ തീരുമാനങ്ങളെടുക്കുക. സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കില്ല. തീരുവ ഏർപ്പെടുത്തിയാൽ എങ്ങനെ മറികടക്കാം എന്ന് പരിശോധിക്കുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു. ചെറുകിട കർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, അമേരിക്കൻ ധാന്യങ്ങൾക്കും പാലുൽപ്പന്നങ്ങൾക്കുമുള്ള വിപണി പ്രവേശന നിർദ്ദേശങ്ങളെ ഇന്ത്യ മുൻപ് തള്ളിയിരുന്നു. എങ്കിലും, നിലവിലെ വ്യാപാര-വ്യവസായ വൃത്തങ്ങൾ പറയുന്നത് ചോളത്തിന്റെയും സോയയുടെയും ഇറക്കുമതിക്ക് ഇന്ത്യ അനുമതി നൽകുന്നത് പരിഗണിക്കുന്നുവെന്നാണ്.
യുഎസും മറ്റ് രാജ്യങ്ങളും തമ്മിൽ പ്രഖ്യാപിച്ച മറ്റ് കരാറുകളെപ്പോലെ ഇന്ത്യ-യുഎസ് വ്യാപാര കരാറും ഒരു പരമ്പരാഗത സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) ആയിരിക്കില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. “ദേശീയ താൽപ്പര്യം അടിസ്ഥാനമാക്കിയല്ലാതെ മറ്റേതെങ്കിലും പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ ആരൊക്കെയാണ് സുഹൃത്തുക്കളെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു… യൂറോപ്യൻ യൂണിയനുമായി സൗഹൃദം സ്ഥാപിക്കാൻ കഴിയില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ, ഞാൻ അത് അംഗീകരിക്കില്ല, അല്ലെങ്കിൽ നാളെ ആരെങ്കിലും കെനിയയുമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞാൽ അത് സ്വീകാര്യമല്ല.” പീയുഷ് ഗോയൽ പറഞ്ഞു.



