റഷ്യയുടെ ആണവ മിസൈൽ പരീക്ഷണത്തിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ആണവ മിസൈൽ പരീക്ഷിക്കുന്നതിനുപകരം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിൻ്റെ പ്രസ്താവന. റഷ്യയുടെ തീരത്ത് യുഎസ് ഒരു ആണവ അന്തർവാഹിനി സ്ഥാപിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
14,000 കിലോമീറ്റർ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് കഴിഞ്ഞ ദിവസം റഷ്യ വിജയകരമായി പരീക്ഷിച്ചത്. മിസൈലിനെക്കുറിച്ചുള്ള ചോദ്യത്തിന് റഷ്യയുടെ തീരത്ത് ഒരു ആണവ അന്തർവാഹിനി ഉള്ളതിനാൽ യുഎസിന് ഇത്രയും ദൂരം പറക്കേണ്ടതില്ലെന്നായിരുന്നു ട്രംപ് നൽകിയ മറുപടി.
“ലോകത്തിലെ ഏറ്റവും വലിയ ആണവ അന്തർവാഹിനി അവരുടെ തീരത്ത് തന്നെ ഉണ്ടെന്ന് അവർക്കറിയാം, അതിനാൽ എനിക്കിത്രയെ പറയുനുള്ളൂ, അതിന് 8,000 മൈൽ പോകേണ്ടതില്ല,” ട്രംപിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. “യുദ്ധം അവസാനിപ്പിക്കണം, ഒരു ആഴ്ച എടുക്കേണ്ടിയിരുന്ന യുദ്ധം ഇപ്പോൾ നാലാം വർഷത്തിലേക്ക് കടക്കുകയാണ്, മിസൈലുകൾ പരീക്ഷിക്കുന്നതിന് പകരം നിങ്ങൾ ചെയ്യേണ്ടത് അതാണ്” ട്രംപ് കൂട്ടിച്ചേർത്തു.
ആണവ എന്‍ജിനുള്ള ‘ബുറെവെസ്‌നിക്’ ക്രൂസ് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. എത്ര ദൂരത്തേക്കും പറക്കാൻ കഴിയുന്ന മിസൈലാണ് ഇതെന്നതാണ് റഷ്യയുടെ അവകാശവാദം. പരീക്ഷണത്തിനിടെ 15 മണിക്കൂര്‍ തുടര്‍ച്ചയായി സഞ്ചരിച്ച മിസൈല്‍ 14,000 കിലോമീറ്റര്‍ വിജയകരമായി പിന്നിട്ടെന്നും പുടിൻ പറയുന്നു. റഷ്യൻ സൈനിക ജനറൽ വലേറി ജെറോസിമോവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൈനികവേഷത്തിലാണ് പുടിൻ പങ്കെടുത്തത്.



