കായിക കേരളത്തിന് മുതൽക്കൂട്ടായി ഐ. എം. വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു. പൊതുജനങ്ങളും പൗരപ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ വച്ച് കായിക മന്ത്രി വി. അബ്ദുറഹിമാനാണ് കായിക സമുച്ചയം ഉദ്ഘാടനം ചെയ്തത്.
അത്യാധുനിക സൗകര്യങ്ങളോടെ സ്പോർട്സ് കോംപ്ലക്സ് ഏഴു വർഷം കൊണ്ടാണ് പൂർത്തികരിച്ചത്. ഒരുകാലത്ത് മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞ ലാലൂരിൻ്റെ ഹൃദയത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും കണ്ടുനിൽക്കുന്നവരിൽ വൻ ആവേശം നിറച്ചു.
കലാ-കായിക പ്രകടനങ്ങൾ മാറ്റു കൂട്ടിയ വേദിയിൽ കായിക മന്ത്രി വി അബ്ദുറഹിമാൻ , മന്ത്രിമാരായ കെ രാജൻ , ആർ. ബിന്ദു , എം. കെ. വർഗീസ്, കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു. ഐ, എം, വിജയനുള്ള ആദരവ് അർപ്പിച്ചു കൊണ്ടുള്ള റാപ്പർ വേടൻ്റെ പന്ത് പാട്ട് ചടങ്ങിന് ആവേശമായി.
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ വേടനും, ഐ. എം. വിജയനും തൃശൂർ പൗരാവലിയുടെ ആദരവ് വേദിയിൽ വച്ച് നൽകി. കായികപ്രേമികളും പൊതു ജനങ്ങളും ലാലൂർ നിവാസികളും ആവേശത്തോടെയാണ് മുഴുവൻ സമയവും ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തത്.

                                    

