തദ്ദേശ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ ഒരു ദിനം ബാക്കി നിൽക്കെ എൽഡിഎഫിനെ പ്രതിസന്ധിയിലാക്കി വിമത സ്ഥാനാർഥികൾ. മണ്ണാർക്കാട് പി.കെ. ശശി അനുകൂലികളുടെ ജനകീയ മതേതര മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കണ്ണൂരിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ളവർ മത്സരത്തിനിറങ്ങി.
നാമനിർദേശ സമർപ്പണത്തിന്റെ ഒരു ദിനം മാത്രം ബാക്കി നിൽക്കുമ്പോഴാണ് എൽഡിഎഫിനെ വിമതശല്യം പിടികൂടിയത്. പാലക്കാട് ജില്ലയിൽ നേരത്തെ തന്നെ അസ്വാരസ്യം പ്രകടിപ്പിച്ച പി.കെ. ശശി അനുകൂലികൾ ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജനകീയ മതേതര മുന്നണിയുടെ ബാനറിലാണ് മത്സരത്തിനിറങ്ങുന്നത്. നഗരസഭയിൽ പത്ത് സീറ്റുകളിലും, ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിലും കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ഒരാളെയും, കോട്ടോപ്പാടം പഞ്ചായത്തിൽ അഞ്ച് സീറ്റിലുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പി.കെ. ശശിയെ മാറ്റി നിർത്തിയതിലെ അമർഷവും സങ്കടവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർഥിയും എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയുമായ എ.കെ. ഷാനിഫ് പറയുന്നു.
അതേസമയം സ്ഥാനാർഥി നിർണയത്തിൽ പടലപ്പിണക്കം രൂക്ഷമായ കണ്ണൂർ പയ്യന്നൂരിൽ എൽഡ എഫ് സ്ഥാനാർഥിക്കെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രംഗത്തെത്തി. നഗരസഭയിലെ 36ആം വാർഡിലാണ് മുന്നണിയെ പ്രതിസന്ധിയിലാക്കി കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണത്തിന് വൈശാഖിന് പിന്തുണയുമായി മൂന്ന് ബ്രാഞ്ചുകളിൽ നിന്നുള്ള മുപ്പതോളം സിപിഐഎം അംഗങ്ങളും രംഗത്തെത്തി. പാർട്ടിക്ക് രാജി കത്ത് കൈമാറിയതിന് ശേഷമാണ് മത്സരിക്കുന്നതെന്ന് വൈശാഖ് പറഞ്ഞു. തർക്കം രൂക്ഷമായ ആലപ്പുഴ, എറണാകുളം ജില്ലകളിൽ അവസാന നിമിഷങ്ങളിൽ കൂടുതൽ പേര് വിമതസ്ഥാനാർഥികളായി രംഗപ്രവേശം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.


