അസാധാരണ അഭിനയ മുഹൂർത്തങ്ങൾ! നാട്ടുകാർക്ക് നാലക്ഷരം പറഞ്ഞുകൊടുത്ത അധ്യാപകൻ, തന്റേടമുള്ള പഞ്ചായത്ത് പ്രസിഡന്റ്.മറയൂരുകാരുടെ സ്വന്തം ഭാസ്കരൻ മാഷ്. സമാനതകളില്ലാത്ത അഭിനയമുഹൂർത്തങ്ങളാൽ ഭാസ്കകരൻ മാഷായി ‘വിലായത്ത് ബുദ്ധ’യിൽ ഞെട്ടിച്ചിരിക്കുകയാണ് ഷമ്മി തിലകൻ. ചില രംഗങ്ങളിൽ മലയാളത്തിന്റെ സ്വന്തം അഭിനയ കുലപതി തിലകനെ തന്നെ അനുസ്മരിപ്പിക്കുന്ന ശരീര ഭാഷയുമായി വിസ്മയിപ്പിച്ചിരിക്കുകയാണ് നടൻ. പകയും പ്രതികാരവും വീറും വാശിയും പോരാട്ട വീര്യവും ഭയവും നിസഹായവസ്ഥയുമൊക്കെ മാറി മറിയുന്ന ഭാവാഭിനയങ്ങളുടെ അനന്യമായ കാഴ്ചയാണ് ഷമ്മി തിലകൻ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.
സിനിമ തുടങ്ങുന്നത് തന്നെ ഭാസ്കരൻ മാഷിന്റെ പ്രഭാഷണത്തോടെയാണ്. ആത്മാഭിമാനം നീറ്റിലെ കുമിളപോലെയാണെന്ന് പറയുന്ന മാഷിന് നാട്ടിൽ മറ്റൊരു വിളിപ്പേരുണ്ട് ‘തൂവെള്ള ഭാസ്കരൻ’. എതിരെ നിൽക്കുന്ന പാർട്ടിയിൽ ആരുവന്നാലും ഇപ്പുറത്ത് ഭാസ്കരൻ മാഷുണ്ടെങ്കിൽ പാർട്ടിക്ക് വിജയം ഉറപ്പെന്നാണ് അണികളുടേയും ആത്മവിശ്വാസം.
ഭാസ്കരൻ മാഷിന്റെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന വലിയൊരു സംഭവവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. അതിന് പിന്നാലെയാണ് ഡബിൾ മോഹനന്റെ വരവും ചന്ദനവേട്ടയും തുടർ സംഭവങ്ങളുമൊക്കെ അരങ്ങേറുന്നത്. സിനിമയുടെ ഹൈലൈറ്റ് തന്നെ നേർക്കുനേർ പോരടിക്കുന്ന ഭാസ്കരൻ മാഷിന്റെയും പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിൾ മോഹനന്റേയും രംഗങ്ങളാണ്. ഒരേ സമയം പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്നുണ്ട് ഇവർ ഒരുമിച്ചെത്തുന്ന സീനുകൾ.
പല അടരുകളായി ഒരുക്കിയിരിക്കുന്ന ഭാസ്കരൻ മാഷിന്റെ ക്യാരക്ടർ ആർക്ക് സമീപകാല സിനിമകളിൽ തന്നെ ഏറെ മികച്ചുനിൽക്കുന്ന ഒന്നാണ്. ഷമ്മി തിലകന്റെ കരിയറിൽ തന്നെ ഏറെ വേറിട്ട വേഷമാണ് ഭാസ്കരൻ മാഷ് എന്ന് നിസംശയം പറയാം. അതിശക്തമായ ഡയലോഗ് ഡെലിവറിയും ശരീരഭാഷയുമായി ഭാസ്കരൻ മാഷായി നടൻ ജീവിക്കുകയായിരുന്നു. ശ്വാസമടക്കിപ്പിടിച്ചിരുന്നു കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും കുടുംബങ്ങൾ ഏറ്റെടുക്കുന്ന അഭിനയ മുഹൂർത്തങ്ങളുമൊക്കെയായി ‘വിലായത്ത് ബുദ്ധ’ തിയേറ്ററുകളെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ചടുലമായ സംഘട്ടനരംഗങ്ങളും സിനിമയിലുണ്ട്.
ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിൻ്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. അരവിന്ദ് കശ്യപ്, രെണദേവ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും ജേക്സ് ബിജോയിയുടെ സംഗീതവും സിനിമയുടെ ആത്മാവ് തന്നെയാണ്.



