ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി താളം തെറ്റിയതിൽ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഉണ്ടാകാം എന്നല്ല, ഉറപ്പായും നടപടിയുണ്ടാകുമെന്ന് രാം മോഹൻ നായിഡു എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“അവർക്കെതിരെ നടപടിയുണ്ടാകും, കാരണം ഇത് പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്ന ഒരു കാര്യമല്ല. വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധ യാത്രക്കാരിലാണ്. ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലും ആവത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ജോലിയും ഉത്തരവാദിത്തവുമാണ്. അതുകൊണ്ട്, അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്,” രാം മോഹൻ നായിഡു പറഞ്ഞു.
“നമ്മൾ സംസാരിക്കുന്ന വിഷയമെല്ലാം ഇൻഡിഗോ എയർലൈൻസുമായി ബന്ധപ്പെട്ടതാണ്. അപ്പോൾ തെറ്റ് ഇൻഡിഗോയിലാണ്, മന്ത്രാലയ തലത്തിലോ മറ്റേതെങ്കിലും തലത്തിലോ അല്ല. എഫ്‌ഡിടിഎല്ലുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ മന്ത്രാലയത്തിൽ നിന്നോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, എല്ലാ എയർലൈനുകളും പ്രശ്‌നങ്ങൾ നേരിടേണ്ടതായിരുന്നു, പക്ഷേ ഇവിടെ അങ്ങനെയല്ല,” രാം മോഹൻ നായിഡു പറഞ്ഞു.
“പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന്റെ വക്കിലാണെന്ന് എനിക്ക് പറയാൻ കഴിയും. മെട്രോ വിമാനത്താവളങ്ങളിലാണ് വലിയ തിരക്ക് ഉണ്ടായത്… ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ എല്ലാ മെട്രോ വിമാനത്താവളങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായി അവിടെയുള്ള യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെയും ഇന്ന് രാത്രിയോടെ എത്തിക്കാനാകും. നാളെ മുതൽ ഇൻഡിഗോ പരിമിതമായ ശേഷിയുള്ള പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കും,” രാം മോഹൻ നായിഡു പറഞ്ഞു.
എത്രയും വേഗം വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. പ്രതിസന്ധിയിൽ കേന്ദ്രം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഇൻഡിഗോ ഖേദം അറിയിച്ചു. രാജ്യത്താകമാനം ഇന്ന് മാത്രം 600ൽ അധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. തുടർന്ന് തിരുവനന്തപുരത്തും നെടുമ്പാശേരിയിലും അടക്കം യാത്രക്കാര്‍ വലഞ്ഞു.



