അമേരിക്കയിലെയും കാനഡയിലെയും ക്രൈസ്തവ സഭകളുടെ സംയുക്ത സമിതിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക ( ഫിയാക്കോന) യുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 13 ശനിയാഴ്ച ന്യൂയോർക്കിൽ നടക്കും.വാലി സ്ട്രീമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മലങ്കര സിറിയൻ ക്നാനായ സഭയുടെ നോർത്ത് അമേരിക്കൻ റീജിയൻ മെത്രോപ്പോലീത്ത ബിഷപ്പ് ഡോ.അയൂബ് മാർ സിൽവാനോസ് മുഖ്യാഥിതിയായിരിക്കും.
ഇവാഞ്ചലിക്കൽ ചർച്ച് മലബാർ ബിഷപ്പ് കമ്മീഷനറിയും അറിയപ്പെടുന്ന ക്രിസ്ത്യൻ അപ്പോളജിസ്റ്റുമായ റവ.ഫാദർ ഡോ.ജോൺസൻ തേക്കടയിൽ ക്രിസ്തുമസ് സന്ദേശം നൽകും. ഭാരതത്തിലെ മത സ്വാതന്ത്യ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ ഫിയാക്കോനയുടെ സിൽവർ ജൂബിലി വർഷത്തിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്ക് സാഹോദര്യം എന്ന ആശയത്തിലൂന്നിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വിവിധ സഭകളെ പ്രതിനിധീകരിച്ചു വിശ്വാസികളും പുരോഹിതരും കൂടാതെ അമേരിക്കൻ കോൺഗ്രസ് , സ്റ്റേറ്റ് സെനറ്റ് അംഗങ്ങളും ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി ലീഡേഴ്‌സും ചടങ്ങിൽ സംബന്ധിക്കും. വിവിധ ഇന്ത്യൻ ചർച്ചുകളുടെ ക്വയർ , മുതിർന്ന ഫിയക്കൊന ലീഡേഴ്സിനെ ആദരിക്കൽ എന്നീ പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടക്കും. ഇന്ത്യൻ ഭക്ഷണ രുചി വൈവിധ്യങ്ങൾ അടങ്ങിയ ലഞ്ച് ഉൾപ്പെട്ടിട്ടുള്ള ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 215 -552 -6668 , 516- 456-9740 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



