മിഹയീൽ ബുൾഗാക്കവിന്റെ ‘ദ മാസ്റ്റർ ആൻഡ് മർഗരീത്ത’ സിനിമയാകുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് സൂപ്പർ താരം ജോണി ഡെപ്പ് ആണ് നായകൻ. സിനിമയുടെ നിർമാണവും നടനാകും എന്നാണ് റിപ്പോർട്ടുകൾ.
ഇൻഫിനിറ്റം നിഹിൽ എന്ന ഡെപ്പിന്റെ നിർമാണ സംരംഭമാണ് സിനിമ നിർമിക്കുന്നത്. സ്വെറ്റ്‌ലാന ഡാലി, ഗ്രേസ് ലോഹ് എന്നിവരുമായി ചേർന്നാണ് റഷ്യൽ ക്ലാസിക് നോവൽ ഡെപ്പ് സിനിമയാക്കാൻ ഒരുങ്ങുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗദി അറേബ്യയിലെ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ റെഡ് സീ സൂക്ക് മാർക്കറ്റിലാണ് സിനിമ പ്രഖ്യാപിച്ചത്. ജോണി ഡെപ്പും സഹനിർമാതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. 2023ൽ റിലീസ് ആയ ജോണി ഡെപ്പിന്റെ ‘ഴീൻ ഡു ബാരി’ എന്ന ചിത്രത്തിന് റെഡ് സീ ഫണ്ട് ഭാഗികമായി ധനസഹായം നൽകിയിരുന്നു. എന്നാൽ പുതിയ പ്രൊജക്ടിൽ ഇവർ ഭാഗമാകില്ലെന്നാണ് സൂചന. സിനിമയുടെ സംവിധായകനെ തീരുമാനിച്ചിട്ടില്ല.
2026 അവസാനത്തോടെ ‘ദ മാസ്റ്റർ ആൻഡ് മർഗരീത്ത’യുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 1930കളിലെ മോസ്കോ പശ്ചാത്തലമാകുന്ന നോവൽ സ്വച്ഛാധിപത്യ പ്രവണതയോടുള്ള വിമർശനം കൂടിയാണ്. നിരവധി സെൻസർഷിപ്പുകൾക്ക് വിധേയമായ നോവൽ 1967 ൽ മിഹയീൽ ബുൾഗാക്കവിന്റെ മരണ ശേഷം പങ്കാളി ലീന ബുൾഗാക്കവ് ആണ് പ്രസിദ്ധീകരിച്ചത്.
അതേസമയം, ഹോളിവുഡിൽ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോണി ഡെപ്പ്. ചാൾസ് ഡിക്കൻസിന്റെ പ്രശസ്ത നോവലായ ‘എ ക്രിസ്മസ് കരോൾ’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ‘എബനേസർ: എ ക്രിസ്മസ് കരോൾ’ എന്ന ചിത്രത്തിലും ഡെപ്പ് ആണ് നായകൻ. എക്സ്, പേൾ, മാക്സൈന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ടി വെസ്റ്റ് ആയിരിക്കും സിനിമ സംവിധാനം ചെയ്യുക. അടുത്ത വർഷം നവംബർ 13 ന് റിലീസ് ചെയ്യുന്ന തരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.



