ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. 1925 ഡിസംബര്‍ 26ന് കാണ്‍പൂരില്‍ വച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന്റെ ആദ്യ യോഗം ചേര്‍ന്നത്. ഒട്ടേറെ വെല്ലുവിളികളോടെയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി രണ്ടാം നൂറ്റാണ്ടിലേക്ക് കാലെടുത്ത് വക്കുന്നത്.
1920കളുടെ തുടക്കത്തില്‍ ഇന്ത്യയിലെ പലയിടത്തും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ പിറന്നു. ബോംബെയില്‍ എസ്എ ഡാങ്കെ, കൊല്‍ക്കത്തയില്‍ മുസഫ്ഫര്‍ അഹ്മദദ്, മദ്രാസില്‍ എം ശിങ്കാരവേലു ചെട്ടിയാര്‍, ലാഹോറില്‍ ഗുലാം ഹുസെയ്‌നി എന്നിവര്‍ വിത്തു പാകി. രഹസ്യമായിരുന്നു ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.1921 ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാനിഫെസ്റ്റോ വിതരണം നടന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യം പൂര്‍ണ സ്വരാജ് ആണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം മൗലാനഹസ്രത്ത് മൊഹാനി അവതരിപ്പിച്ചു. സത്യഭക്ത, വിതരണം ചെയ്ത ലഘുലേഖയിലൂടെ 1925 ഡിസംബര്‍ 26 മുതല്‍ 28 വരെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ കാണ്‍പൂരില്‍ സമ്മേളിച്ചു. ആ സമ്മേളനത്തിലാണ് ഗ്രൂപ്പുകള്‍ ഒത്തു ചേര്‍ന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേര് സ്വീകരിച്ചത്.



