ആഗോള ഇലക്ട്രിക് വാഹന (EV) വിപണിയിൽ എലോൺ മസ്‌കിന്റെ ടെസ്‌ലയെ പിന്തള്ളി ചൈനീസ് കരുത്തരായ ബിവൈഡി ഒന്നാം സ്ഥാനം പിടിച്ചെടുത്തു.
2025-ൽ 22.6 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചാണ് ബിവൈഡി ചരിത്രനേട്ടം കൈവരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 28% വളർച്ചയാണ് കമ്പനി നേടിയത്.
വിൽപനയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടിവ് നേരിട്ട ടെസ്‌ലയ്ക്ക് 16.4 ലക്ഷം വാഹനങ്ങൾ മാത്രമേ കഴിഞ്ഞ വർഷം വിതരണം ചെയ്യാനായുള്ളൂ.
സർക്കാർ നൽകിയിരുന്ന നികുതി ഇളവുകൾ നിർത്തലാക്കിയതും കടുത്ത മത്സരവുമാണ് ടെസ്‌ലയുടെ വിൽപന 16 ശതമാനത്തോളം കുറയാൻ കാരണമായത്. ഇതോടെ ഓഹരി വിപണിയിലും ടെസ്‌ലയ്ക്ക് തിരിച്ചടി നേരിട്ടു.
ഒരുകാലത്ത് പരിഹാസത്തോടെ തള്ളിക്കളഞ്ഞ എതിരാളിയിൽ നിന്നാണ് മസ്‌കിന് ഇപ്പോൾ കനത്ത വെല്ലുവിളി നേരിട്ടിരിക്കുന്നത്.



