ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം നീട്ടി ലഭിച്ചതോടെ സ്വർണ്ണം വീണ്ടെടുക്കുന്നത് ഉൾപ്പെടെ കൂടുതൽ തെളിവ് ശേഖരണത്തിന് ഒരുങ്ങി എസ്ഐടി. ഈ മാസം 19ന് വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി നാലാമത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അതിനു മുൻപേ നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് എസ്ഐടി. കേസിലെ പ്രതി ഗോവർധന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ സ്വർണ്ണം ശബരിമലയിലെതാണോ എന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനക്ക് അയയ്ച്ചിരുന്നു. ഇതിന്റെ ഫലം ഈ മാസം എട്ടാം തീയതി ലഭിക്കും.സ്വർണ്ണം വീണ്ടെടുക്കുന്നതിൽ ഈ ഫലം നിർണായകമാകും.
ഇത് ശബരിമലയിലെ തത്തുല്യമായ സ്വർണം ആണെന്നാണ് ഗോവർദ്ധന്റെ മൊഴി. കേസിൽ 10 പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും സ്വർണ്ണം വീണ്ടെടുക്കാൻ ആയി എന്ന് എസ്ഐടിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ കെ പി ശങ്കരദാസിനെതിരെയുള്ള അന്വേഷണവും കൂടുതൽ ശക്തമാകാനാണ് സാധ്യത. ആരോഗ്യകാരണങ്ങൾ പറഞ്ഞ് നേരത്തെ ശങ്കരദാസിന്റെ അറസ്റ്റ് വൈകിപ്പിച്ചിരുന്നു എന്ന ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്.



